ഈശോയുടെ ജനനം തന്നെ വിശുദ്ധ കുർബാനയിലേക്കുള്ള ഒരു വഴിയൊരുക്കൽ ആയിരുന്നു.
Read more..
ഈശോയുടെ ജനനം തന്നെ വിശുദ്ധ കുർബാനയിലേക്കുള്ള ഒരു വഴിയൊരുക്കൽ ആയിരുന്നു. അപ്പത്തിന്റെ ഭവനമായ ബേത്ലേഹെമിലെ ജനനം, പുൽക്കൂട്ടിൽ വെള്ളക്കച്ചയിൽ പൊതിയപ്പെട്ടതും, വളർത്ത മൃഗങ്ങൾ അന്നം കണ്ടെത്തുന്ന പുൽത്തൊട്ടിയിൽ അവനെ കിടത്തിയതും എല്ലാം വിശുദ്ധ കുർബാനയുടെ ഒരുക്കം തന്നെയായിരുന്നു. പരിശുദ്ധ അമ്മയുടെ ശുദ്ധീകരണം 33 ദിവസങ്ങൾ കഴിഞ്ഞായിരുന്നു. ആൺകുഞ്ഞിനാണു ജന്മം കൊടുക്കുന്നതെങ്കിൽ ലേവ്യരുടെ പുസ്തകം അനുസരിച്ചു (12, 4 ) 33 ദിവസങ്ങൾക്ക് ശേഷമാണ് ശുദ്ധീകരണ കർമ്മം നടത്തിയിരുന്നത്. പ്രാവിൻ കുഞ്ഞിനെയാണ് പാപ പരിഹാര ബലിയായിട്ട് കൊടുത്തിരുന്നത്; ലേവ്യരുടെ പുസ്തകം 12, 8 -ൽ വായിക്കുന്നു, പ്രാവിൻ കുഞ്ഞിന്റെ ശിരസു പിരിച്ചു വേണം കൊല്ലാൻ, മാത്രമല്ല, ശിരസു വേർപെടാൻ പാടില്ലായിരുന്നു. ഒരു ബലിപീഠം ഒരുക്കപ്പെടുകയാണ്; 33 ദിവസം പ്രായമായ ഉണ്ണീശോ, ബലിവസ്തുവായ പ്രാവിൻ കുഞ്ഞിനരികെ, ബലിവസ്തു പോലെ അമ്മയുടെ കരങ്ങളിൽ; 33 വർഷങ്ങൾക്ക് അപ്പുറത്തേക്ക് ഒരു ദൈവ ദർശനം; കുരിശിന്റെ മുകളിലേക്ക് ഒരു വഴികാട്ടൽ. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും ശിമെയോന്റെ പ്രവചനം.
ഉല്പത്തിയുടെ പുസ്തകം മൂന്നാം അധ്യായം 21ാം വാക്യത്തിൽ വായിക്കുന്നു
Read more..
വിശുദ്ധ കുർബാനയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനവും ആദ്യകാല ചരിത്രവും
Read more..
ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണ് വിശുദ്ധ കുർബാനയെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിൽ പഠിപ്പിക്കുന്നു (തിരുസഭ 11). വിശ്വാസികളുടെ സമൂഹത്തിന്റെ കേന്ദ്രമാണ് വിശുദ്ധ കുർബാന (വൈദികർ 5). സഭയുടെ ജീവിതത്തിന്റെ ഉറവിടവും ഭാവിമഹത്വത്തിന്റെ അച്ചാരവുമാണത് (സഭൈക്യം 15). സഭ, സഭയായി രൂപംകൊള്ളുന്നതുതന്നെ വിശുദ്ധ കുർബാനയുടെ ആഘോഷവേളയിലാണ് (1 കോറി 11, 18). സഭ പടുത്തുയർത്തപ്പെടുന്നതും വളരുന്നതും വിശുദ്ധ കുർബാനയിലാണെന്ന് സഭൈക്യത്തെക്കുറിച്ചുള്ള ഡിക്രിയിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (സഭൈക്യം 15). വിശുദ്ധ കുർബാനയെ അടിസ്ഥാനവും കേന്ദ്രബിന്ദുവുമാക്കിയല്ലാതെ ഒരു ക്രിസ്തീയസമൂഹം കെട്ടിപ്പടുക്കുക സാധ്യമല്ല (വൈദികർ 6).
വിശുദ്ധ കുർബാനയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനവും ആദ്യകാല ചരിത്രവും
ഇസ്രയേലിന്റെ വിമോചനാനുഭവത്തിന്റെ അനുസ്മരണമായ പെസഹാ ഭക്ഷണത്തിന്റെ സന്ദർഭത്തിലാണ് ഈശോമിശിഹാ വിശുദ്ധ കുർബാന സ്ഥാപിച്ചത്. ഓരോ വർഷവും പെസഹായ്ക്ക് ഇസ്രായേൽ ജനം ഭക്ഷിക്കുന്ന കുഞ്ഞാടിന്റെ മാംസവും പുളിപ്പില്ലാത്ത അപ്പവും ഈജിപ്തിൽ നിന്നുള്ള അവരുടെ വിമോചനത്തെയും പുറപ്പാടിനെയും അനുസ്മരിപ്പിച്ചു (പുറ 12). പെസഹാ ഭക്ഷണത്തിന്റെ അവസാനഭാഗത്തുള്ള അപ്പത്തിന്റെയും കാസയുടെയും ആശീർവാദത്തിന് നവീനവും സുനിശ്ചിതവുമായ അർത്ഥം നല്കിയാണ് ഈശോ സെഹിയോൻ ഊട്ടുശാലയിൽ വച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചത്. (മത്താ 26: 26-28; മർക്കോ 14: 22-25; ലൂക്കാ 22: 14-21).
പെസഹായോടനുബന്ധിച്ച് ബലിയർപ്പിച്ചിരുന്ന കുഞ്ഞാടിനെക്കുറിച്ചുള്ള സൂചനയും വിശുദ്ധ കുർബാന സ്ഥാപനത്തോടു ചേർത്ത് മനസ്സിലാക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ വിമോചനത്തിനായി ബലിയർപ്പിക്കപ്പെട്ട ബലിവസ്തുവായ കുഞ്ഞാടിന്റെ സ്ഥാനത്ത് ഈശോ ആകുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ 1:29) ബലിയർപ്പിക്കപ്പെട്ടു. ഈശോ നമുക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിച്ചു എന്ന അർത്ഥത്തിലാണ് "ഇതു നിങ്ങൾക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.... ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ് "(ലൂക്കാ 22:19-20) എന്ന ഈശോയുടെ വാക്കുകളെ മനസ്സിലാക്കേണ്ടത്. യഹൂദ പെസഹാ ഭക്ഷണത്തിന്റെ ഭാഗമായി അപ്പവും വീഞ്ഞുമെടുത്ത് ആശീർവദിച്ച്, ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചപ്പോൾ പഴയനിയമകാല മെസയാനിക പ്രതീക്ഷയോട് ബന്ധപ്പെടുത്തിക്കൊണ്ട്, പുതിയ ഇസ്രായേലായ ദൈവജനത്തിന്റെ വിമോചനത്തിനായുള്ള മിശിഹായുടെ ആത്മബലി കൗദാശികമായി അവതരിപ്പിക്കപ്പെട്ടു.
വിശുദ്ധ കുർബാനയുടെ സ്ഥാപനവേളയിലെ ആശീർവാദ പ്രാർത്ഥന യഹൂദപാരമ്പര്യത്തിലുള്ളതാണ്. പെസഹാഭക്ഷണവേളയിൽ യഹൂദർ ഉപയോഗിച്ചിരുന്ന ആശീർവാദപ്രാർത്ഥനയായ "ബെറാക്കാ'യാണ് ഈശോ ഉപയോഗിച്ചത്. സൃഷ്ടികർമ്മത്ത പ്രതിയും, ഈജിപ്തിൽ നിന്ന് വിമോചിപ്പിച്ച്, നിയമം നല്കി, ഒരു ജനതയാക്കി, വാഗ്ദത്തനാട് നല്കിയ രക്ഷാകർമ്മത്തെ പ്രതിയും, ദൈവത്തിനർപ്പിക്കുന്ന സ്തുതിയും കൃതജ്ഞതയുമാണ് ഈ പ്രാർത്ഥനയിലെ ഒരു പ്രധാനഘടകം. ഇസ്രായേലിന്റെ വിമോചനത്തിനുവേണ്ടിയുള്ള അപേക്ഷയാണ് ഈ ആശീർവാദപ്രാർത്ഥനയിലെ മറ്റൊരു പ്രധാനഘടകം. ഈ ആശീർവാദപ്രാർത്ഥനയാണ് വിശുദ്ധ കുർബാനയുടെ സ്ഥാപനവാക്യങ്ങൾ ചേർത്ത് ഈശോ പെസഹാഭക്ഷണവേളയിൽ നിർവഹിച്ചത്. 'എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ' (ലൂക്കാ 22:19) എന്നു കല്പിച്ച് താൻ നിർവഹിക്കുന്ന ബലിയുടെ കൗദാശികാനുഷ്ഠാനം തുടരാൻ ഈശോ ശ്ലീഹന്മാരോട് കല്പിച്ചു.
ഈശോയുടെ കല്പനയനുസരിച്ച് ആദിമസഭാസമൂഹം അവടുത്തെ നാമത്തിൽ ഒരുമിച്ചുകൂടിയിരുന്നപ്പോൾ അപ്പം മുറിക്കൽ ശുശ്രൂഷ നിർവഹിച്ചുപോന്നു (അപ്പ 2:42,46; 20: 7,11; 27:35). കേവലം പെസഹാഭക്ഷണാചരണത്തിന്റെ ആഘോഷം എന്നതിനെക്കാൾ കർത്താവിന്റെ മരണത്തിലൂടെ പൂർത്തിയായ ബലിയാണ് അപ്പം മുറിക്കൽ ശുശ്രൂഷയിലൂടെ നിർവഹിച്ചു പോന്നതെന്ന് ആദിമസഭയ്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. കോറിന്തോസകാർക്കുള്ള ഒന്നാം ലേഖനത്തിൽ സഭയുടെ ഈ ദൃഢബോധ്യം പൗലോസ്ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1 കോറി 11:26). അപ്പം മുറിക്കൽ ശുശ്രൂഷ ആദിമ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ പങ്കുവയ്ക്കലുമായിരുന്നു. കൂട്ടായ്മയിൽ വളരാൻ ഈ ശുശ്രൂഷ അവരെ സഹായിച്ചു. വിശുദ്ധ കുർബാനയിലൂടെ സംജാതമാകുന്ന കൂട്ടായ്മയെക്കുറിച്ച് വിശുദ്ധപൗലോസ്ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നുണ്ട്: അപ്പം ഒന്നേയുള്ളു, അതിനാൽ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ് (1 കോറി 10:17)
വിശുദ്ധ ഗ്രന്ഥത്തിനുപുറമേ, കുർബാനയർപ്പണത്തെക്കുറിച്ച് സൂചനകൾ നല്കുന്ന ഏതാനും രേഖകൾ ആദ്യനൂറ്റാണ്ടുകളിൽനിന്ന് ലഭ്യമാണ്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ സിറിയയിൽ വിരചിതമായ ഡിഡാക്കേ എന്ന കൃതിയാണ്. കർത്താവിന്റെ ദിവസം അഥവാ ഞായറാഴ്ച അപ്പം മുറിക്കലിനും കൃതജ്ഞതാ പ്രകാശനത്തിനുമായി വിശ്വാസികൾ ഒരുമിച്ചുകൂടിയിരുന്നതിനെക്കുറിച്ച് ഡിഡാക്കേ പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ കുർബാനയിൽ പങ്കുചേർന്നിരുന്നവർ അവരുടെ പാപങ്ങളേറ്റുപറഞ്ഞ് നിർമ്മലമായ ഒരു ബലിയാണ് അർപ്പിച്ചിരുന്നതെന്ന് ഡിഡാക്കേ പറയുന്നു. സഹോദരരോടുള്ള അനുരഞ്ജനം വിശുദ്ധ കുർബാനയർപ്പണത്തിനുള്ള അനിവാര്യവ്യവസ്ഥയായി ഈ കൃതി പഠിപ്പിക്കുന്നു. ഏറെക്കുറെ ഡിഡാക്കേയുടെ കാലയളവിൽത്തന്നെ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് കുർബാനയെക്കുറിച്ച് എഴുതുമ്പോൾ, മെത്രാനാണ് ദിവ്യകാരുണ്യസമൂഹത്തിന്റെ അദ്ധ്യക്ഷൻ എന്ന കാര്യം ഊന്നിപ്പറയുന്നു. രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ ക്രിസ്ത്യാനികളുടെ വിശുദ്ധ കുർബാനയർപ്പണത്തെക്കുറിച്ച്, വിശേഷിച്ച് ഞായാറാഴ്ചയിലെ കുർബാനയർപ്പണത്തെക്കുറിച്ച്, അന്തോണിയസ് പയസ് ചക്രവർത്തിക്ക് (എ.ഡി. 138-165) എഴുതുന്നുണ്ട്. ശ്ലീഹന്മാരുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള വായന, പ്രവാചകഗ്രന്ഥങ്ങളിൽനിന്നുള്ള വായന, കാർമ്മികൻ നല്കുന്ന പ്രബോധനം, സമൂഹത്തിന്റെ പൊതുവായ പ്രാർത്ഥനകൾ, അപ്പവും വീഞ്ഞും വെള്ളവും തയ്യാറാക്കികൊണ്ടുവരവ്, കാർമ്മികൻ ദൈവപിതാവിനെ മഹത്ത്വപ്പെടുത്തിക്കൊണ്ട് നടത്തുന്ന കൃതജ്ഞതാസ്തോത്രപ്രാർത്ഥന, സമൂഹം സമ്മതമരുളിപറയുന്ന 'ആമേൻ', വിശുദ്ധ കുർബാന സ്വീകരണം, രോഗികൾക്കുള്ള കുർബാന, ഡീക്കന്മാരുടെ കൈയിൽ കൊടുത്തുവിടൽ എന്നിവയാണ് ജസ്റ്റിന്റെ വിവരണത്തിൽ നിന്ന് രണ്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കുർബാനയുടെ ഘടനയെക്കുറിച്ച് നമുക്കു ലഭിക്കുന്ന വിവരങ്ങൾ.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം
പഴയ നിയമത്തിലെ പ്രതീകങ്ങങ്ങളിലൂടെ ഒരു യാത്ര
Read more..
പഴയനിയമത്തിൽ പരിശുദ്ധ കുർബാന ഒരു പ്രതീകമായും, പുതിയ നിയമത്തിൽ ഒരു ചരിത്ര സംഭവമായും, സഭയിൽ ഒരു കൂദാശയുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിൽ പൂർത്തിയാക്കപ്പെട്ട ദൈവത്തിന്റെ പ്രവർത്തനങ്ങളെ മുൻകൂട്ടി സൂചനകളിലൂടെയും പ്രതീകങ്ങളിലൂടെയും പഴയനിയമത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ വിശുദ്ധ കുർബാനയുടെ ഏതാനും ചില പഴയ നിയമ പ്രതീകങ്ങളാണ് നാം കാണാൻ പോകുന്നത്.വളരെയേറെ വിശുദ്ധ കുർബാനയുടെ പ്രതീകങ്ങൾ പഴയ നിയമ ഗ്രന്ഥത്തിൽ നമ്മുക്ക് കാണാൻ സാധിക്കുമെങ്കിലും; അതിലെ ചിലതു മാത്രമേ ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളു.
ജീവന്റെ വൃക്ഷം
ഉല്പത്തിപുസ്തകം രണ്ടാം അധ്യായം എട്ടാം വാക്യത്തിൽ പ്രതിപാദിക്കുന്ന ജീവന്റെ വൃക്ഷം വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമായി മനസ്സിലാക്കാവുന്നതാണ്. ഈ ജീവന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നവർ അമർത്യത പ്രാപിക്കുമെന്ന് ഒരു സൂചനയും വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് കാണാം. വിശുദ്ധ കുർബാനയിൽ പങ്കുചേരുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആത്മീയ ഫലമാണ് നിത്യജീവനിലുള്ള പങ്കാളിത്തം. വിശുദ്ധ കുർബാനയിൽ ഭാഗമാക്കാകുന്നവർ ഈ ലോകത്തിൽ വച്ച് തന്നെ നിത്യജീവന്റെ അവകാശികളായി മാറുന്നു. ഏദൻ തോട്ടത്തിൽ വച്ച് ആദ്യ മാതാപിതാക്കൾ നഷ്ടപ്പെടുത്തിയ നിത്യ ജീവൻ നമുക്ക് ലഭ്യമാകുന്നത് വിശുദ്ധ കുർബാനയിലൂടെയാണ്.
മെൽക്കിസേദേക്കിൻ്റെ കാഴ്ച സമർപ്പണം
ഉല്പത്തി 14:17-20 -ൽ അബ്രാഹത്തെ എതിരേൽക്കാൻ സാലേം രാജാവായിരുന്ന മെൽക്കിസദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നതിനെപ്പറ്റി പറയുന്നു. ഹെബ്രായർക്ക് എഴുതപ്പെട്ട ലേഖനത്തിൽ ലേവ്യ പുരോഹിതരേക്കാൾ ശ്രേഷ്ഠനായിരുന്നു മെൽക്കിസദേക്കെന്നു പരാമർശിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആരാധനാക്രമ പാരമ്പര്യങ്ങൾ, വിശുദ്ധ കുർബാനയുടെ പ്രതീകമായി ഈ കാഴ്ച സമർപ്പണത്തെ കണക്കാക്കുന്നു. അപ്പവും വീഞ്ഞും കൊണ്ടുള്ള മെൽക്കിസേദേക്കിൻ്റെ രക്തരഹിതമായ ബലി വിശുദ്ധ ബലിയർപണത്തിൻ്റെ പ്രതീകമായി മാറുന്നു.
പെസഹ
പഴയ നിയമത്തിലെ പെസഹാതിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത്. വിമോചനത്തിന്റെ ഓർമ്മയാചരണമാണ് പെസഹ ആചരണം. യേശു നമുക്കായി നേടിത്തന്ന മോചനമാണ് വിശുദ്ധ കുർബാനയിൽ നാം ആഘോഷിക്കുന്നത്. മാത്രവുമല്ല പെസഹാ ചടങ്ങുകൾ പൂർത്തിയാകാൻ ബലിയർപ്പിക്കപ്പെട്ട ആട്ടിൻകുട്ടിയുടെ മാംസം ഭക്ഷിക്കണം. വിശുദ്ധ കുർബാന എന്ന പുതിയ പെസഹ പൂർത്തിയാക്കപ്പെടുന്നത് വിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെയാണ്. പഴയ പെസഹ കുഞ്ഞാടിന്റെ മാംസവും രക്തവും മാറ്റി യേശു സ്വയം ബലിയർപ്പിച്ചുകൊണ്ട്, വിശുദ്ധ കുർബാനയിലൂടെ സ്വന്തം മാംസവും രക്തവും നൽകി പുതിയ ഇസ്രായേലായ സഭയ്ക്ക് വിമോചനം നൽകുന്നു.
മന്നാ
ഇസ്രായേൽക്കാരുടെ 40 വർഷത്തെ മരുഭൂമി യാത്രയുടെ വേളയിൽ ദൈവ നൽകിയ ഭക്ഷണമാണ് മന്ന. ഇതിനെ സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം, മാലാഖമാരുടെ ഭക്ഷണം എന്നൊക്കെ വിളിക്കുന്നു. മന്നയെ വിശുദ്ധ കുർബാനയുടെ മാതൃകയായും, അടയാളമായും, ഈശോ വിവരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നു. നിത്യജീവൻ നൽകുന്ന ജീവന്റെ അപ്പമായ വിശുദ്ധ കുർബാന പഴയ നിയമത്തിൽ മന്ന മുൻകൂട്ടി സൂചിപ്പിക്കുന്നു. എന്നാലും പുതിയ മന്ന പഴയതിനേക്കാൾ ഉന്നതമാണ്.
തിരുസാന്നിധ്യത്തിന്റെ അപ്പം
ലേവ്യരുടെ പുസ്തകം അധ്യായം 25 -ൽ തിരു സാന്നിധ്യത്തിന്റെ അപ്പത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. എല്ലാ സാബത്തിലും പുരോഹിതൻ രണ്ടുനിരകളായി 12 അപ്പങ്ങൾ തിരു സാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയിൽ വയ്ക്കണം. ഓരോ സാബത്തിനും പുതിയ അപ്പങ്ങളാണ് സമർപ്പിച്ചിരുന്നത്. ദൈവത്തിന്റെ നിരന്തരമായ പരിപാലനയുടെ അടയാളമായി ഇതിനെ കണ്ടിരുന്നു. ജനങ്ങളുടെ ഇടയിലുള്ള ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയാണ് തിരു സാന്നിധ്യത്തിന്റെ അപ്പം സൂചിപ്പിച്ചിരുന്നത്. ഇതുപോലെ വിശുദ്ധ കുർബാനയും, ഈശോയുടെ നിരന്തരമായ തിരു സാന്നിധ്യത്തെയാണ് പ്രകടമാക്കുന്നത്. ഈശോ തിരു സാന്നിധ്യത്തിന്റെ അപ്പത്തെ ജീവന്റെ അപ്പമാക്കി മാറ്റുന്നു. വിശുദ്ധ കുർബാന ദൈവത്തിന്റെ യഥാർത്ഥമായ സാന്നിധ്യത്തിന്റെ അപ്പമാണ്.
ഏലിയായുടെ അത്ഭുത അപ്പം
രാജാക്കന്മാരുടെ ഒന്നാം പുസ്തകം അധ്യായം 19 -ൽ, ദൈവം ഏലിയായ്ക്ക് അപ്പവും വെള്ളവും നൽകുന്നത് നാം വായിക്കുന്നു. ഈ അപ്പവും വെള്ളവും സാധാരണ രീതിയിൽ അല്ലായിരുന്നു എന്ന് നമുക്ക് കാണാൻ കഴിയും. കാരണം ഇവ ഏലിയായെ നാല്പത് രാവും 40 പകലും നടന്നു ഹൊറബിലെത്തി ദൈവത്തെ ദർശിക്കാൻ മാത്രം ശക്തി പകരുന്നതായിരുന്നു. ദൈവം അത്ഭുതകരമായി ഏലിയായ്ക്ക് ഭക്ഷണം നൽകി വിശ്വാസത്തിൽ ജീവിപ്പിച്ചു. ഇതുപോലെ സ്വർഗീയ ഭോജ്യമായ വിശുദ്ധ കുർബാന ദൈവത്തെ കണ്ടുമുട്ടാൻ വിശ്വാസികളെ ഒരുക്കുന്നു. സ്വർഗീയ അപ്പമായ വിശുദ്ധ കുർബാന ഓരോ വിശ്വാസിയെയും ഈ ലോക ജീവിതത്തിലെ തന്റെ ദൗത്യം നിറവേറ്റാൻ സഹായിക്കുന്നു.
ജ്വലിക്കുന്ന തീക്കട്ട
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പ്രവാചകന്റെ ആത്മീയ അനുഭവം നാം വായിക്കുന്നുണ്ട്. സിംഹാസനസ്ഥനായ ദൈവത്തെ പ്രവാചകൻ കാണുന്നു. സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്നെടുത്ത ഒരു തീക്കനലുമായി പ്രവാചകന്റെ അടുത്തേക്ക് വരുന്നു. അദ്ദേഹത്തിന്റെ നാവിൽ തൊടുകയും, അദ്ദേഹത്തിന്റെ മാലിന്യം നീക്കപ്പെടുകയും, പാപങ്ങൾ ക്ഷമിക്കപ്പെടുകയും ചെയ്യുന്നു. ഇതും വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമാണ്. വിശുദ്ധ കുർബാനയാകുന്ന ബലി, നമ്മുടെ പാപങ്ങൾ കഴുകി കളയുകയും, പാപപൊറുതി സാധ്യമാക്കുകയും ചെയ്യുന്നു. പല സഭാ പിതാക്കന്മാരും വിശുദ്ധ കുർബാനയെ ജ്വലിക്കുന്ന തീക്കട്ടയുമായി ഉപമിച്ചിട്ടുണ്ട്.