വിശുദ്ധ കുർബാനയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനവും ആദ്യകാല ചരിത്രവും


               

   ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണ് വിശുദ്ധ കുർബാനയെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിൽ പഠിപ്പിക്കുന്നു (തിരുസഭ 11). വിശ്വാസികളുടെ സമൂഹത്തിന്റെ കേന്ദ്രമാണ് വിശുദ്ധ കുർബാന (വൈദികർ 5). സഭയുടെ ജീവിതത്തിന്റെ ഉറവിടവും ഭാവിമഹത്വത്തിന്റെ അച്ചാരവുമാണത് (സഭൈക്യം 15). സഭ, സഭയായി രൂപംകൊള്ളുന്നതുതന്നെ വിശുദ്ധ കുർബാനയുടെ ആഘോഷവേളയിലാണ് (1 കോറി 11, 18). സഭ പടുത്തുയർത്തപ്പെടുന്നതും വളരുന്നതും വിശുദ്ധ കുർബാനയിലാണെന്ന് സഭൈക്യത്തെക്കുറിച്ചുള്ള ഡിക്രിയിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (സഭൈക്യം 15). വിശുദ്ധ കുർബാനയെ അടിസ്ഥാനവും കേന്ദ്രബിന്ദുവുമാക്കിയല്ലാതെ ഒരു ക്രിസ്തീയസമൂഹം കെട്ടിപ്പടുക്കുക സാധ്യമല്ല (വൈദികർ 6).

വിശുദ്ധ കുർബാനയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനവും ആദ്യകാല ചരിത്രവും

    ഇസ്രയേലിന്റെ വിമോചനാനുഭവത്തിന്റെ അനുസ്മരണമായ പെസഹാ ഭക്ഷണത്തിന്റെ സന്ദർഭത്തിലാണ് ഈശോമിശിഹാ വിശുദ്ധ കുർബാന സ്ഥാപിച്ചത്. ഓരോ വർഷവും പെസഹായ്ക്ക് ഇസ്രായേൽ ജനം ഭക്ഷിക്കുന്ന കുഞ്ഞാടിന്റെ മാംസവും പുളിപ്പില്ലാത്ത അപ്പവും ഈജിപ്തിൽ നിന്നുള്ള അവരുടെ വിമോചനത്തെയും പുറപ്പാടിനെയും അനുസ്മരിപ്പിച്ചു (പുറ 12). പെസഹാ ഭക്ഷണത്തിന്റെ അവസാനഭാഗത്തുള്ള അപ്പത്തിന്റെയും കാസയുടെയും ആശീർവാദത്തിന് നവീനവും സുനിശ്ചിതവുമായ അർത്ഥം നല്കിയാണ് ഈശോ സെഹിയോൻ ഊട്ടുശാലയിൽ വച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചത്. (മത്താ 26: 26-28; മർക്കോ 14: 22-25; ലൂക്കാ 22: 14-21).

   പെസഹായോടനുബന്ധിച്ച് ബലിയർപ്പിച്ചിരുന്ന കുഞ്ഞാടിനെക്കുറിച്ചുള്ള സൂചനയും വിശുദ്ധ കുർബാന സ്ഥാപനത്തോടു ചേർത്ത് മനസ്സിലാക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ വിമോചനത്തിനായി ബലിയർപ്പിക്കപ്പെട്ട ബലിവസ്തുവായ കുഞ്ഞാടിന്റെ സ്ഥാനത്ത് ഈശോ ആകുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ 1:29) ബലിയർപ്പിക്കപ്പെട്ടു. ഈശോ നമുക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിച്ചു എന്ന അർത്ഥത്തിലാണ് "ഇതു നിങ്ങൾക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.... ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ് "(ലൂക്കാ 22:19-20) എന്ന ഈശോയുടെ വാക്കുകളെ മനസ്സിലാക്കേണ്ടത്. യഹൂദ പെസഹാ ഭക്ഷണത്തിന്റെ ഭാഗമായി അപ്പവും വീഞ്ഞുമെടുത്ത് ആശീർവദിച്ച്, ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചപ്പോൾ പഴയനിയമകാല മെസയാനിക പ്രതീക്ഷയോട് ബന്ധപ്പെടുത്തിക്കൊണ്ട്, പുതിയ ഇസ്രായേലായ ദൈവജനത്തിന്റെ വിമോചനത്തിനായുള്ള മിശിഹായുടെ ആത്മബലി കൗദാശികമായി അവതരിപ്പിക്കപ്പെട്ടു.

   വിശുദ്ധ കുർബാനയുടെ സ്ഥാപനവേളയിലെ ആശീർവാദ പ്രാർത്ഥന യഹൂദപാരമ്പര്യത്തിലുള്ളതാണ്. പെസഹാഭക്ഷണവേളയിൽ യഹൂദർ ഉപയോഗിച്ചിരുന്ന ആശീർവാദപ്രാർത്ഥനയായ "ബെറാക്കാ'യാണ് ഈശോ ഉപയോഗിച്ചത്. സൃഷ്ടികർമ്മത്ത പ്രതിയും, ഈജിപ്തിൽ നിന്ന് വിമോചിപ്പിച്ച്, നിയമം നല്കി, ഒരു ജനതയാക്കി, വാഗ്ദത്തനാട് നല്കിയ രക്ഷാകർമ്മത്തെ പ്രതിയും, ദൈവത്തിനർപ്പിക്കുന്ന സ്തുതിയും കൃതജ്ഞതയുമാണ് ഈ പ്രാർത്ഥനയിലെ ഒരു പ്രധാനഘടകം. ഇസ്രായേലിന്റെ വിമോചനത്തിനുവേണ്ടിയുള്ള അപേക്ഷയാണ് ഈ ആശീർവാദപ്രാർത്ഥനയിലെ മറ്റൊരു പ്രധാനഘടകം. ഈ ആശീർവാദപ്രാർത്ഥനയാണ് വിശുദ്ധ കുർബാനയുടെ സ്ഥാപനവാക്യങ്ങൾ ചേർത്ത് ഈശോ പെസഹാഭക്ഷണവേളയിൽ നിർവഹിച്ചത്. 'എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ' (ലൂക്കാ 22:19) എന്നു കല്പിച്ച് താൻ നിർവഹിക്കുന്ന ബലിയുടെ കൗദാശികാനുഷ്ഠാനം തുടരാൻ ഈശോ ശ്ലീഹന്മാരോട് കല്പിച്ചു.

   ഈശോയുടെ കല്പനയനുസരിച്ച് ആദിമസഭാസമൂഹം അവടുത്തെ നാമത്തിൽ ഒരുമിച്ചുകൂടിയിരുന്നപ്പോൾ അപ്പം മുറിക്കൽ ശുശ്രൂഷ നിർവഹിച്ചുപോന്നു (അപ്പ 2:42,46; 20: 7,11; 27:35). കേവലം പെസഹാഭക്ഷണാചരണത്തിന്റെ ആഘോഷം എന്നതിനെക്കാൾ കർത്താവിന്റെ മരണത്തിലൂടെ പൂർത്തിയായ ബലിയാണ് അപ്പം മുറിക്കൽ ശുശ്രൂഷയിലൂടെ നിർവഹിച്ചു പോന്നതെന്ന് ആദിമസഭയ്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. കോറിന്തോസകാർക്കുള്ള ഒന്നാം ലേഖനത്തിൽ സഭയുടെ ഈ ദൃഢബോധ്യം പൗലോസ്ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1 കോറി 11:26). അപ്പം മുറിക്കൽ ശുശ്രൂഷ ആദിമ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ പങ്കുവയ്ക്കലുമായിരുന്നു. കൂട്ടായ്മയിൽ വളരാൻ ഈ ശുശ്രൂഷ അവരെ സഹായിച്ചു. വിശുദ്ധ കുർബാനയിലൂടെ സംജാതമാകുന്ന കൂട്ടായ്മയെക്കുറിച്ച് വിശുദ്ധപൗലോസ്ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നുണ്ട്: അപ്പം ഒന്നേയുള്ളു, അതിനാൽ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ് (1 കോറി 10:17)

   വിശുദ്ധ ഗ്രന്ഥത്തിനുപുറമേ, കുർബാനയർപ്പണത്തെക്കുറിച്ച് സൂചനകൾ നല്കുന്ന ഏതാനും രേഖകൾ ആദ്യനൂറ്റാണ്ടുകളിൽനിന്ന് ലഭ്യമാണ്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ സിറിയയിൽ വിരചിതമായ ഡിഡാക്കേ എന്ന കൃതിയാണ്. കർത്താവിന്റെ ദിവസം അഥവാ ഞായറാഴ്ച അപ്പം മുറിക്കലിനും കൃതജ്ഞതാ പ്രകാശനത്തിനുമായി വിശ്വാസികൾ ഒരുമിച്ചുകൂടിയിരുന്നതിനെക്കുറിച്ച് ഡിഡാക്കേ പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ കുർബാനയിൽ പങ്കുചേർന്നിരുന്നവർ അവരുടെ പാപങ്ങളേറ്റുപറഞ്ഞ് നിർമ്മലമായ ഒരു ബലിയാണ് അർപ്പിച്ചിരുന്നതെന്ന് ഡിഡാക്കേ പറയുന്നു. സഹോദരരോടുള്ള അനുരഞ്ജനം വിശുദ്ധ കുർബാനയർപ്പണത്തിനുള്ള അനിവാര്യവ്യവസ്ഥയായി ഈ കൃതി പഠിപ്പിക്കുന്നു. ഏറെക്കുറെ ഡിഡാക്കേയുടെ കാലയളവിൽത്തന്നെ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് കുർബാനയെക്കുറിച്ച് എഴുതുമ്പോൾ, മെത്രാനാണ് ദിവ്യകാരുണ്യസമൂഹത്തിന്റെ അദ്ധ്യക്ഷൻ എന്ന കാര്യം ഊന്നിപ്പറയുന്നു. രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ ക്രിസ്ത്യാനികളുടെ വിശുദ്ധ കുർബാനയർപ്പണത്തെക്കുറിച്ച്, വിശേഷിച്ച് ഞായാറാഴ്ചയിലെ കുർബാനയർപ്പണത്തെക്കുറിച്ച്, അന്തോണിയസ് പയസ് ചക്രവർത്തിക്ക് (എ.ഡി. 138-165) എഴുതുന്നുണ്ട്. ശ്ലീഹന്മാരുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള വായന, പ്രവാചകഗ്രന്ഥങ്ങളിൽനിന്നുള്ള വായന, കാർമ്മികൻ നല്കുന്ന പ്രബോധനം, സമൂഹത്തിന്റെ പൊതുവായ പ്രാർത്ഥനകൾ, അപ്പവും വീഞ്ഞും വെള്ളവും തയ്യാറാക്കികൊണ്ടുവരവ്, കാർമ്മികൻ ദൈവപിതാവിനെ മഹത്ത്വപ്പെടുത്തിക്കൊണ്ട് നടത്തുന്ന കൃതജ്ഞതാസ്തോത്രപ്രാർത്ഥന, സമൂഹം സമ്മതമരുളിപറയുന്ന 'ആമേൻ', വിശുദ്ധ കുർബാന സ്വീകരണം, രോഗികൾക്കുള്ള കുർബാന, ഡീക്കന്മാരുടെ കൈയിൽ കൊടുത്തുവിടൽ എന്നിവയാണ് ജസ്റ്റിന്റെ വിവരണത്തിൽ നിന്ന് രണ്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കുർബാനയുടെ ഘടനയെക്കുറിച്ച് നമുക്കു ലഭിക്കുന്ന വിവരങ്ങൾ.

അവലംബം 

സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം