സർവശക്തനും നിത്യനുമായ ദൈവമേ, അങ്ങയുടെ ഏകജാതനായ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ ദിവ്യകൂദാശയെ, ഞാൻ സമീപിക്കുന്നു. ആതുരനായ ഞാൻ, ജീവന്റെ വൈദ്യനെ; അശുദ്ധനായ ഞാൻ, കരുണയുടെ ഉറവയെ; അന്ധനായ ഞാൻ, നിത്യ വെളിച്ചത്തിന്റെ പ്രകാശധോരണിയെ; ദരിദ്രനായ ആലംബഹീനനായ ഞാൻ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനെ സമീപിക്കുന്നു. നാഥാ, അങ്ങയുടെ മഹത്വമേറിയ ഔദാര്യത്താൽ എന്റെ രോഗത്തെ സുഖപ്പെടുത്തുകയും മാലിന്യങ്ങളെ കഴുകിക്കളയുകയും അന്ധതയെ പ്രകാശമാക്കുകയും ദാരിദ്ര്യത്തെ സമ്പന്നതയാക്കുകയും നഗ്നതയെ മറയ്ക്കുകയും ചെയ്യണമേ. എളിമ, വണക്കങ്ങളോടും, ശുദ്ധതയോടും, വിശ്വാസത്തോടും പശ്ചാത്താപത്തോടും, സ്നേഹത്തോടും എന്നെ രക്ഷയിലേക്കു നയിക്കുന്നതിന് സഹായകമായ ദൃഢലക്ഷ്യത്തോടും കൂടെ മാലാഖമാരുടെ ഭോജനവും, രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവുമായ അങ്ങയെഞാൻ ഉൾക്കൊള്ളട്ടെ. കർത്താവിന്റെ ശരീരരക്തങ്ങളുടെ കൂദാശയും അതിന്റെ യാഥാർത്ഥ്യവും ഓജസ്സും ഞാൻ സ്വീകരിക്കട്ടെ. ദയാപരനായ ദൈവമേ, പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ നിന്നു ജാതനായ അങ്ങയുടെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുഗാത്രം ഞാൻ ഉൾക്കൊള്ളുന്നതുവഴി അവിടുത്തെ മൗതീകശരീരത്തിൽ എണ്ണപ്പെടുകയും ചെയ്യുമാറാകട്ടെ. സ്നേഹനിധിയായ പിതാവേ! ഈ ലോകതീർത്ഥയാത്രയിൽ കൂദാശയുടെ മറവിൽ അങ്ങുടെ പ്രിയപുത്രനെ സ്വീകരിക്കുന്നതു വഴി സ്വർഗ്ഗഭാഗ്യത്തിൽ അങ്ങയോടുകൂടെ നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയുടെ തിരുസുതനെ അഭിമുഖമായി കണ്ടാനന്ദിക്കുന്നതിന് ഒരു ദിവസം ഇടയാക്കണമേ.
ആമ്മേൻ
വിശുദ്ധ കുർബാനയിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന വാക്കാണ്, ആമേൻ. 'അപ്രകാരമായിരിക്കട്ടെ,' എന്നാണ് അർത്ഥം. വിശ്വാസ രഹസ്യത്തിനും, സത്യങ്ങൾക്കും ആമേൻ പറയുന്ന വ്യക്തി അതിന്റെ കാത്തുസൂക്ഷിപ്പിന് ജീവത്യാഗം കൊടുക്കാൻ വരെ സന്നദ്ധനാവണം. വൈദികൻ ചൊല്ലുന്ന പ്രാർത്ഥനകൾക്കും ആമേൻ ചൊല്ലി വിശ്വാസ സമൂഹം മുഴുവൻ ആ ഉടമ്പടി മുദ്ര വയ്ക്കുകയാണ്. നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും, സമ്മതവുമാണ് ആമേൻ. ശാശ്വതമായിട്ടുള്ള അംഗീകാരവും ഉറപ്പും സമ്മതവുമാണ് ആമേൻ എന്ന വാക്കിലൂടെ ആവർത്തിക്കുന്നത്. ജീവരക്തം കൊണ്ടുള്ള മുദ്ര ചാർത്തൽ ആണിത്. ബൈബിളിൽ 57 തവണ ഈ പദം ആവർത്തിക്കുന്നുണ്ട്; സ്വർഗ്ഗീയ സഭയുടെ ആരാധന അനുഷ്ഠാന കർമ്മങ്ങൾ അനുസ്മരിക്കുന്ന വെളിപാട് ഗ്രന്ഥത്തിൽ 9 പ്രാവശ്യവും, വിശുദ്ധ കുർബാനയിൽ 80 തവണയും ആമേൻ എന്ന പദം ആവർത്തിക്കപ്പെടുന്നു.