വിശുദ്ധ ബലിയർപ്പണത്തിന്റെ സാമൂഹിക മാനത്തെക്കുറിച്ച് സംസാരിക്കുന്നത് വിശുദ്ധ ആഗസ്റ്റിനാണ്. അദ്ദേഹം പറയുകയാണ്, വിശുദ്ധ ബലിയർപ്പണത്തിൽ സമർപ്പിക്കപ്പെടുന്ന അപ്പം, വീഞ്ഞ്, അത് ഒത്തിരിയേറെ ഗോതമ്പുമണികൾ അരഞ്ഞ് ഒന്ന് ചേർന്നതും, ഒത്തിരിയേറെ മുന്തിരികൾ പിഴിഞ്ഞ് വീഞ്ഞായതുമാണ്. അതുകൊണ്ടുതന്നെ, ഓരോ വിശുദ്ധബലിയർപ്പണത്തോടു ചേർന്ന്, ഓരോ വ്യക്തിയുടെയും, സങ്കടങ്ങളും, വേദനകളും, അവരുടെ നിയോഗങ്ങളും, പ്രാർത്ഥനകളും എല്ലാം ചേരുന്നുണ്ട്. ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ അത് ബലിവസ്തുവിനോട് ചേർന്ന് സമർപ്പിക്കുകയാണ്. അതാണ് പിതാവായ ദൈവത്തിനു പുത്രൻ സമർപ്പിക്കുന്നത്. ഇങ്ങനെ സമർപ്പിക്കപ്പെട്ടവ ആശീർവദിച്ചു നമ്മൾ സ്വീകരിക്കുമ്പോൾ; സ്വീകരിക്കുന്നതോടൊപ്പം ഈശോയെയും, ഈ സഹോദരങ്ങളുടെ വേദനകളെയും നമ്മൾ സ്വന്തമാക്കുന്നുണ്ട്. അതുകൊണ്ട്, ക്രിസ്തുവിനെ സ്വീകരിക്കുന്നതോടൊപ്പം നമ്മുടെ പ്രിയ സഹോദരങ്ങളേയും അവരുടെ വേദനകളെയും ആശങ്കകളെയും നാം ഉൾക്കൊള്ളുകയാണ്. ആയതിനാൽ വിശുദ്ധ ബലിയർപ്പണത്തിൽ നാം സഹോദരങ്ങളെയും ഉൾകൊള്ളുന്നു.