പാപമോചനം ലഭിച്ചതു വഴി ദൈവജനം ദൈവവുമായി അനുരഞ്ജിതരായി തീർന്നിരിക്കുന്നു. ദൈവത്തെ ആബാ പിതാവേ എന്ന് വിളിക്കാനുള്ള അർഹത നേടി കഴിഞ്ഞിരിക്കുന്നു. ദൈവമക്കളുടെ സ്വാതന്ത്രത്തോടെ ആരാധന സമൂഹം ഒന്നുചേർന്ന് 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന് ചൊല്ലുകയാണ്. ആഹ്ലാദകരമായ നിമിഷമാണ്; പിതാവേ എന്ന് വിളിക്കാൻ നാം യോഗ്യരാക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ പിതൃത്വവും മനുഷ്യമക്കളുടെ സഹോദര്യവും പ്രഘോഷിക്കുന്ന പ്രാർത്ഥന, ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജിതരായി എന്നതിന്റെ പ്രകടനവുമാണ്. പിതാവിന്റെ സ്വന്തം മക്കളെന്ന വലിയ അഭിമാനത്തോടെയും, ആഹ്ലാദത്തോടെയും വേണം ഈ പ്രാർത്ഥന ചൊല്ലാൻ. അവിടത്തെ മാറിൽ അഭയം പ്രാപിക്കാനുള്ള സമയമാണിത്, അതുകൊണ്ടാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന അനുരഞ്ജന ശുശ്രൂഷയ്ക്ക് ശേഷം ക്രമീകരിച്ചിരിക്കുന്നതിന്റെ കാരണം.