ഈശോയുടെ ആദ്യ ബലിയർപ്പണവും; അനുരഞ്ജന ശുശ്രുഷയും

ഈശോയുടെ ആദ്യ ബലിയർപ്പണം പകുതിയിൽ നിർത്തിയോ എന്നൊരു സംശയം വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അധ്യായം വായിക്കുമ്പോൾ തോന്നാറുണ്ട്. പതിമൂന്നാം അധ്യായം നാലാം തിരുവചനത്തിൽ നമ്മൾ വായിക്കുന്നത്, അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റു മേലങ്കി മാറ്റി, തൂവാലയെടുത്ത്, അരയിൽ കെട്ടി. അനന്തരം, ഒരു താലത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും, അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കാനും തുടങ്ങി. അത്താഴത്തിനിടയിൽ അവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റി, തൂവാലയെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി. അതിനു കാരണമായി വ്യാഖ്യാതാക്കൾ പറയുന്ന വചനം, പതിമൂന്നാം അധ്യായം രണ്ടാം തിരുവചനമാണ്. ആ സമയത്ത് പിശാച് യൂദാസിന്റെ മനസ്സിൽ യേശുവിനെ ഒറ്റിക്കൊടുക്കാൻ തോന്നിപ്പിച്ചു. തന്റെ ശിഷ്യരിൽ ഒരുവനായ യൂദാസിന് തന്നോട് അസ്വസ്ഥതയുണ്ട്, വെറുപ്പുണ്ട് എന്ന് മനസ്സിലാക്കിയ ഈശോ അവരുടെ പാദങ്ങൾ കഴുകി. നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെ വച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുന്നിൽ വച്ചിട്ടു പോയി സഹോദരനോട് രമ്യതപ്പെടുക. ഈ വചനമാണ് മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം 23 , 24 - ൽ വായിക്കുന്നത്. കർത്താവു താൻ പഠിപ്പിച്ച ആ വചനം തന്റെ ബലിയർപ്പണത്തിൽ ആവർത്തിക്കുകയായിരുന്നു; വചനത്തോട് വിധേയനാവുകയായിരുന്നു.