ലിയോ പതിനാലാമന്‍ മാര്‍പാപ്പ



റോം: ദിവ്യബലിക്ക് പോകാന്‍ എന്നും രാവിലെ തന്നെ വിളിച്ചുണര്‍ത്തുന്ന അമ്മയുടെയും, ആറാം വയസ് മുതല്‍ അള്‍ത്താരശുശ്രൂഷകനായി ദിവ്യബലിയില്‍ പങ്കെടുത്തതിന്റെയും ഓര്‍മകള്‍ വത്തിക്കാന്‍ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളുമായി പങ്കുവച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.  സന്തോഷകരവും ശാന്തവുമായ അന്തരീക്ഷത്തില്‍, തന്റെ ബാല്യകാലസ്മരണകള്‍ പങ്കുവെച്ച പാപ്പ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഊഷ്മളമായും ആര്‍ദ്രമായും മറുപടി നല്‍കി. കുട്ടിക്കാലത്ത് കുര്‍ബാനയ്ക്ക് പോയിരുന്നോ, എന്നു ചോദിച്ച കുട്ടിയോടുള്ള പാപ്പയുടെ പുഞ്ചിരിനിറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ‘തീര്‍ച്ചയായും ഞാന്‍ പോയിരുന്നു. ഞാന്‍ അമ്മയോടും അച്ഛനോടും ഒപ്പം കുര്‍ബാനയ്ക്ക് പോയിരുന്നു. സ്‌കൂളിനു മുമ്പായി കുര്‍ബാനയ്ക്ക് പോകാന്‍ അമ്മ എല്ലാ ദിവസവും രാവിലെ ഉണര്‍ത്തുമായിരുന്നു…..കുര്‍ബാനയില്‍ ശുശ്രൂഷ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു, കാരണം ചെറുപ്പം മുതലേ യേശു എപ്പോഴും അടുത്തുണ്ടെന്നും, അവന്‍ ഏറ്റവും നല്ല സുഹൃത്താണെന്നും എന്നെ പഠിപ്പിച്ചിരുന്നു,’ പാപ്പ പറഞ്ഞു. കുര്‍ബാനയില്‍ ശുശ്രൂഷ ചെയ്ത മറ്റ് കുട്ടികളുമായുള്ള സൗഹൃദവും ദിവ്യബലിയില്‍ യേശുവിനോടുള്ള അടുപ്പവും പ്രധാനപ്പെട്ടതായിരുന്നുവെന്ന് പാപ്പ പറഞ്ഞു.ഒഴിവുസമയങ്ങളില്‍, മറ്റേതൊരു കുട്ടിയെയും പോലെ തന്നെ കളിക്കാനാണ്  താന്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.