വിശുദ്ധ കുർബാന: ആഘോഷിക്കേണ്ട രഹസ്യം;ജീവിക്കേണ്ട രഹസ്യം


                       

വിശുദ്ധ കുർബാന: ആഘോഷിക്കേണ്ട രഹസ്യം

     'സ്നേഹത്തിന്റെ കൂദാശ'യുടെ രണ്ടാം ഭാഗത്ത് കുർബാന ആഘോഷിക്കേണ്ട രഹസ്യമാണെന്ന് പഠിപ്പിക്കുന്നു. വിശുദ്ധ കുർബാനയുടെ ആഘോഷം കർത്താവിന്റെ പെസഹാരഹസ്യത്തിലുള്ള പങ്കുചേരലാണ്. നിങ്ങൾ ഈ അപ്പത്തിൽ നിന്ന് ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1 കോറി 11:26). വിശുദ്ധ കുർബാന നമ്മെ മിശിഹായുടെ ആത്മബലിയുടെ കർമ്മത്തിലേക്കു നയിക്കുന്നുവെന്ന് 'സ്നേഹത്തിന്റെ കൂദാശ' പഠിപ്പിക്കുന്നു. (സ്നേഹത്തിന്റെ കൂദാശ 11).

   വിശ്വാസികൾക്ക് പെസഹാരഹസ്യത്തിന്റെ ആഴമേറിയ അനുഭവം ഉണ്ടാകേണ്ടതിന് കുർബാനയിൽ പെസഹാരഹസ്യത്തെ ആവർത്തിച്ച് ആഘോഷിക്കുന്നു. വചനശുശ്രൂഷയിലും ഒരുക്ക ശ്രൂഷയിലും കൂദാശയിലും ദൈവൈക്യശുശ്രൂഷയിലും പെസഹാ രഹസ്യത്തിന്റെ ഓർമ്മ ആചരിക്കുന്നു. ലിറ്റർജിയിലെ ഓർമ്മയാചരണത്തെ (ആഘോഷത്തെ) സൂചിപ്പിക്കുന്ന ഗ്രീക്കു പദമാണ് 'അനംനേസിസ്' (anamnesis). ഇതിന് തുല്യമായ "ഉഹ്ദാന' എന്ന സൂറിയാനി പദമാണ് സീറോമലബാർ കുർബാനയിലുള്ളത്. കുർബാന കേവലം ഒരു ഭൂതകാലസംഭവത്തിന്റെ ഓർമ്മ മാത്രമല്ല. ഈശോമിശിഹായുടെ പീഡാസഹനവും, കുരിശിലെ ബലിയും, ഉത്ഥാനവും സ്ഥലകാലാതീതമായ നിത്യസംഭവമാണ്. അതിനാൽ, ഈ മിശിഹാ സംഭവം വിശുദ്ധ കുർബാനയിലെ ഓർമ്മയാചരണത്തിൽ യഥാർത്ഥമായി സന്നിഹിതമാകുന്നു (ആരാധനക്രമം 47; CCC 1085). വിശുദ്ധ കുർബാനയിൽ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും രക്ഷാദായകമായ മിശിഹാരഹസ്യം ആഘോഷിക്കപ്പെടുന്നു.

വിശുദ്ധ കുർബാന: ജീവിക്കേണ്ട രഹസ്യം 

 വിശുദ്ധ കുർബാനയിലെ ഭാഗഭാഗിത്വം അർത്ഥപൂർണ്ണമാകണമെങ്കിൽ നാം കുർബാനാനന്തരബലി അർപ്പിക്കുന്നവരാകണം. കാരണം, കുർബാന ജീവിക്കേണ്ട രഹസ്യമാണ് (സ്നേഹത്തിന്റെ കൂദാശ മൂന്നാം ഭാഗം).

    ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും (യോഹ 6:51). കുർബാനയാകുന്ന ദാനംമൂലം നമ്മിലുണ്ടാകുന്ന രൂപാന്തരീകരണത്തിന്റെ സഹായത്താലാണ് അതു സംഭവിക്കുന്നത് (സ്നേഹത്തിന്റെ കൂദാശ 70). ഈ ലോകജീവിതത്തിൽ പടിപടിയായി സംഭവിക്കേണ്ട പ്രക്രിയയാണത്. പുതിയ നിയമത്തിലെ ബലിയർപ്പണത്തെ വ്യതിരിക്തമാക്കുന്നതാണ് അതിന്റെ സ്വയം സമർപ്പണഭാവവും നമ്മിൽ സംഭവിക്കുന്ന രൂപാന്തരീകരണവും. 

   വിശുദ്ധ പൗലോസ് റോമായിലെ സഭാംഗങ്ങളെ ഇതേപ്പറ്റി അനുസ്മരിപ്പിക്കുന്നതിങ്ങനെയാണ്: “നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതീകരവുമായ സജീവബലിയായി സമർപ്പിക്കുവിൻ, ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന" (റോമ 12:1). അപ്പസ്തോലിക സഭയിലെ വിശ്വാസികൾ ഒരു ഹൃദയവും ഒരു ആത്മാവുമായി (അപ്പ 4:32) പരസ്പരം പങ്കുവച്ചു ജീവിക്കുന്നതിന് ശക്തി സംഭരിച്ചിരുന്നത്, ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന (അപ്പ 2:42) എന്നിവയിൽ താത്പര്യപൂർവ്വം പങ്കുചേർന്നു കൊണ്ടാണ്. പരസ്പരസ്നേഹത്തിലൂടെയും, വിശിഷ്യാ, സഹായമർഹിക്കുന്നവരോടുള്ള സഹാനുഭൂതിയിലൂടെയും ഈശോയുടെ യഥാർത്ഥശിഷ്യരായി നമ്മെ തിരിച്ചറിയുമ്പോഴാണ് കുർബാനയർപ്പണത്തിന്റെ സാമൂഹികമാനം നിർണ്ണയിക്കപ്പെടുന്നതെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2004-ൽ പ്രസിദ്ധീകരിച്ച നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും (Mane nobiscum Domine) എന്ന ശ്ലൈഹികലേഖനത്തിൽ പ്രതിപാദിക്കുന്നു. (നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും 28)

 ദൈവവുമായി നമ്മെ ഒന്നിപ്പിക്കുന്നതോടൊപ്പം, സഹോദരങ്ങളുമായി കൂട്ടായ്മയിൽ ജീവിക്കുവാൻ കുർബാന നമ്മെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ടാണ് വിശുദ്ധ കുർബാനയെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൂദാശയെന്നു വിളിക്കുന്നത് (ആരാധനക്രമം 47)

അവലംബം 

സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം