വിശുദ്ധ അഗസ്റ്റിൻ പറയുന്നു, വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ഈശോയോടൊപ്പം ഓരോ വ്യക്തിയും തന്റെ സഹോദരങ്ങളേയും സ്വീകരിക്കുന്നുണ്ട്. കാരണമായി അദ്ദേഹം പറയുന്നത്, ഒരുക്ക ശുശ്രൂഷയുടെ സമയത്ത് ഓരോ വ്യക്തിയും അവരുടെ ദുഃഖങ്ങളും അവരുടെ സങ്കടങ്ങളും, പ്രാർത്ഥനകളും കാഴ്ചവസ്തുക്കളോട് ചേർത്ത് സമർപ്പിക്കുന്നുണ്ട്. ഈ കാഴ്ചവസ്തുക്കളെ ഈശോ പിതാവായ ദൈവത്തിന് സമർപ്പിച്ച്, ആശിർവദിച്ച്, തന്റെ ശരീരവും രക്തവുമായി നൽകുന്നു. അതിനാൽ നാം കുർബാന സ്വീകരിക്കുമ്പോൾ സഹോദരങ്ങളേയും, അവരുടെ വേദനകളെയും, സങ്കടങ്ങളെയും കൂടി സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് വിശുദ്ധ കുർബാന നമ്മളെ സഹോദരങ്ങളിലേക്ക് നയിക്കണം എന്ന് പറയുന്നത്.