യേശുക്രിസ്തുവിന്റെ ബലിയർപ്പണം പാശ്ചാത്യ സഭകളിലും, പൗരസ്ത്യ സഭകളിലും വ്യത്യസ്ത രീതിയിലാണ് അനുഷ്ഠിച്ചു പോരുന്നത്. ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളുടെ ആചരണം വ്യത്യസ്ത സംസ്കാരങ്ങളിലൂടെ വിവിധ ദേശങ്ങളിലൂടെ കടന്നുപോയതിനാലാണ് ഇന്ന് നമുക്ക് കാണുന്ന രീതിയിലുള്ള വ്യത്യസ്ത ആരാധനക്രമങ്ങൾ നിലവിലുള്ളത്.
അപ്പം മുറിക്കൽ ശുശ്രൂഷ
വിശുദ്ധ ബലിയർപ്പണത്തെ ഒരു ആരാധനാക്രമമായി മാറ്റിയെടുത്തത് പ്രധാനമായും നാല് കാരണങ്ങളാണ്. ഒന്നാമതായി, അന്ത്യത്താഴ വേളയിൽ യേശുക്രിസ്തു നൽകിയ ആഹ്വാനം, ക്രിസ്തുവിന്റെ ഓർമ്മയ്ക്കായി ബലിയർപ്പണം തുടരുവാനുള്ള ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. രണ്ടാമതായി, നമുക്ക് മനസ്സിലാക്കാൻ സാധിക്കും യേശുക്രിസ്തുവിന്റെ ആഹ്വാനമനുസരിച്ച് ആദിമ ക്രൈസ്തവർ അവരുടെ സമ്മേളനങ്ങളിൽ ഒന്നിച്ചു കൂടിയിരുന്നത് ക്രിസ്തുവിന്റെ ഈ അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കുവാൻ വേണ്ടിയായിരുന്നു, അതായത് അപ്പോസ്തോലന്മാരുടെ കാലം തൊട്ടുള്ള ആദ്യമ ക്രൈസ്തവ സമൂഹത്തിൽ അപ്പം മുറിക്കൽ ഒരു പ്രധാന ശുശ്രൂഷയായി നിലനിന്നിരുന്നു, അത് വിശുദ്ധ കുർബാനയുടെ ഒരു ആദ്യകാല രൂപമാണ്. പിന്നീട് അപ്പോസ്തോലന്മാരുടെ കാലങ്ങൾക്ക് ശേഷവും ആദിമ ക്രൈസ്തവർ അപ്പം മുറിക്കൽ അവരുടെ പ്രധാന ശുശ്രൂഷയായി തുടർന്നു. അങ്ങനെ ക്രൈസ്തവ പാരമ്പര്യത്തിൽ, ആഴ്ചയുടെ ആദ്യദിവസം അപ്പം മുറിക്കൽ ശുശ്രൂഷ അവരുടെ ജീവിതത്തിൻറെ ഭാഗമായി മാറി. പിന്നീട് ക്രിസ്തുവിന്റെ സഭ വ്യത്യസ്ത ദേശങ്ങളിലേക്കും വ്യത്യസ്ത ഭാഷകളിലേക്കും വ്യത്യസ്ത സാമ്രാജ്യങ്ങളിലേക്കും വ്യാപിച്ചപ്പോൾ, അപ്പം മുറിക്കൽ ശുശ്രൂഷയ്ക്കും, അതിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കും വചന വായനകൾക്കും സാംസ്കാരികവും സാമൂഹികവുമായ രൂപഭേദങ്ങൾ വന്നു തുടങ്ങി. ക്രമേണ വ്യത്യസ്ത സഭകളിൽ വ്യത്യസ്ത ആരാധന ക്രമങ്ങളായി അവ രൂപപ്പെട്ടു.
ക്രിസ്തുവിന്റെ അന്ത്യത്താഴം
വളരെ സവിശേഷകമായ ഒരു വിരുന്നായിരുന്നു യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കായി ഒരുക്കിയിരുന്നത്. യഹൂദരുടെ പെസഹായുടെയും ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും പശ്ചാത്തലത്തിൽ നമ്മൾ അന്ത്യത്താഴത്തെ മനസ്സിലാക്കുമ്പോൾ, പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും കേന്ദ്രമായി നമുക്ക് ഈ അന്ത്യത്താഴത്തെ മനസ്സിലാക്കാൻ സാധിക്കും. ഒരു സാധാരണ വിരുന്നിനെക്കാൾ ഉപരിയായി യഹൂദർ പെസഹ ആചരിക്കുന്ന രീതിയിൽ തന്നെയായിരുന്നു യേശുക്രിസ്തുവിന്റെ അന്ത്യത്താഴം. ആമുഖ പ്രാർത്ഥനകളും, അപ്പം മുറിക്കലും, കൃതജ്ഞത സ്തോത്രങ്ങളും ഉള്ള ഈ ബലിയർപ്പണം തന്റെ ഓർമ്മയ്ക്കായി തുടർന്നും അനുഷ്ഠിക്കേണ്ട ഒരു കർമ്മമായി ഗുരു ശിഷ്യരെ അനുശാസിക്കുന്നു. ഈ സവിശേഷകമായ പെസഹാ ആചരണത്തിന്റെ ഓർമ്മയായി, ഈശോയുടെ ശിഷ്യന്മാർ അപ്പം മുറിക്കൽ ശുശ്രൂഷയെ കാണുകയും ഈ ശ്രേഷ്ഠമായ ശുശ്രൂഷ ആദ്യ ക്രൈസ്തവ സമൂഹങ്ങളിലേക്ക് കൈമാറുകയും ചെയ്തു.
അപ്പസ്തോലന്മാരുടെ കാലഘട്ടത്തിലെ വിശുദ്ധ കുർബാന അർപ്പണം
അപ്പം മുറിക്കൽ ശുശ്രൂഷയെ കുറിച്ച് അപ്പോസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ ഒരുപാട് പരാമർശങ്ങൾ ഉണ്ട്. അപ്പം മുറിക്കൽ ശുശ്രൂഷ എപ്രകാരമായിരിക്കണം എന്ന് യേശുക്രിസ്തുവിന്റെ പെസഹാ ആചരണത്തെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് ശ്ലീഹാ കൊറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ ആദ്യമ ക്രൈസ്തവ സമൂഹത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്. യഹൂദരുടെ പാരമ്പര്യം അനുസരിച്ച് പെസഹായിക്കും മറ്റ് തിരുനാളുകളിലും അപ്പം മുറിക്കുന്നതിനോട് അനുബന്ധിച്ച് പ്രാർത്ഥനകളും വിശുദ്ധ ഗ്രന്ഥ പാരായണങ്ങളും ഉണ്ടായിരുന്നു. ആദിമ ക്രൈസ്തവരിൽ മഹാഭൂരിപക്ഷവും യഹൂദർ ആയിരുന്നതിനാൽ തന്നെ ആദിമ ക്രൈസ്തവർ അവരുടെ കൂട്ടായ്മകളിൽ ഈ പെസഹായുടെ ഓർമ്മയാചരണം പ്രാർത്ഥനകളും വിശുദ്ധ ഗ്രന്ഥ വായനകളും ഉൾചേർത്തുകൊണ്ട് തുടർന്നുപോന്നു. ഈ കാലഘട്ടത്തിൽ പെസഹ ആചരണം എന്നത് ഒരേസമയം വിരുന്നും, ബലിയർപ്പണവും ആയിരുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള അപ്പോസ്തോലന്മാരുടെ പ്രബോധനങ്ങളും, കൂട്ടായ്മയിൽ ഉള്ള പ്രാർത്ഥനയും, അപ്പം മുറിക്കലും ആദ്യമ ക്രൈസ്തവ സമൂഹത്തിന്റെ പ്രധാന സവിശേഷതയായി നിലനിന്നിരുന്നു. ക്രിസ്തു മാർഗം സ്വീകരിച്ച യഹൂദർ, ക്രിസ്ത്യാനികൾ എന്ന പേര് അതുവരെയും സ്വീകരിച്ചിരുന്നില്ല, അതിനാൽ യഹൂദ മതത്തിന്റെ ഭാഗമായിത്തന്നെ അവർ തുടർന്നുപോന്നു.
ആദ്യ നൂറ്റാണ്ടുകളിലെ പെസഹ ആചരണത്തിന്റെ സവിശേഷതകൾ
ഒരേസമയം വിരുന്നും ബലിയർപ്പണവുമായിരുന്ന വിശുദ്ധ കുർബാന എപ്പോഴാണ് പൂർണ്ണമായും ആരാധനാക്രമ രീതിയിലുള്ള ഒരു ബലിയർപ്പണമായി രൂപപ്പെട്ടത് എന്ന് കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. സഭാ പിതാവായ വിശുദ്ധ ജസ്റ്റിന്റെ പരാമർശത്തിൽ നിന്നും യഹൂദരുടെ സിനഗോഗ്കളിലെ പ്രാർത്ഥനാ രീതിയോട് സമമായ ഒരു പ്രാർത്ഥന രീതിയായിരുന്നു ക്രിസ്ത്യാനികൾ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ അവലംബിച്ചിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ കാലഘട്ടങ്ങളിൽ എല്ലാം കർത്താവിന്റെ ദിവസം എന്ന് അറിയപ്പെട്ടിരുന്ന ആഴ്ചയുടെ ആദ്യ ദിനത്തിൽ ആയിരുന്നു ക്രൈസ്തവർ ഒരുമിച്ച് കൂടിയിരുന്നതും പ്രാർത്ഥിച്ചിരുന്നതും. ഈ കാലഘട്ടങ്ങളിലെ ബലിയർപ്പണ രീതികളുടെ സവിശേഷതകൾ താഴെ പറയുന്നവയാണ്:
സുവിശേഷങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും ഉള്ള വായനകൾ
വായനകളെഅടിസ്ഥാനപ്പെടുത്തിയുള്ള വചനപ്രസംഗങ്ങൾ
മധ്യസ്ഥ പ്രാർത്ഥനകൾ
സമാധാനാശംസ
പ്രാർത്ഥനയോടും കൃതജ്ഞത സ്തോത്രത്തോടും കൂടിയുള്ള സ്ഥാപന വാക്യങ്ങൾ
ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളിൽ ഉള്ള ജനങ്ങളുടെ പങ്കാളിത്തം
ദരിദ്രരെ സഹായിക്കാനുള്ള നേർച്ച ശേഖരിക്കൽ
ആ കാലഘട്ടങ്ങളിൽ ബലിയർപ്പണത്തിനോട് ചേർന്ന് വിരുന്ന് ഉണ്ടായിരുന്നില്ല. ക്രിസ്തുവിൻന്റെ സഭയിൽ അംഗബലം കൂടിയതിനാൽ അവ ഒരുപക്ഷേ പ്രായോഗികമല്ലാതായിരുന്നത് ആയിരിക്കാം കാരണം. അതിനാൽ തന്നെ ഒരൊറ്റ ബലിപീഠത്തിലും കാർമ്മികനിലും കേന്ദ്രീകരിച്ചിട്ടുള്ള ബലിയർപ്പണ രീതി ക്രമേണ നിലവിൽ വന്നു. പെസഹായെ അനുസ്മരിക്കാൻ ക്രിസ്തുവിന്റെ സ്ഥാപനവാക്യങ്ങൾ ഉരുവിടുന്നതിന് പ്രാധാന്യം ലഭിച്ചു.
ഹിപ്പോളിറ്റസിന്റെ അപ്പസ്തോലിക പാരമ്പര്യമാണ് ദിവ്യകാരുണ്യ ആരാധനാക്രമത്തെ കുറിച്ചുള്ള ആദ്യത്തെ പൂർണ്ണമായ പതിപ്പ്. അത് പ്രകാരം സ്ഥാപനവാക്യങ്ങളും യഹൂദ ആരാധനാക്രമ രീതികളും ക്രിസ്തുവിന്റെ രക്ഷാകര രഹസ്യങ്ങളെ കുറിച്ചുള്ള ധ്യാനങ്ങളും, ആദ്യ ക്രൈസ്തവ സമൂഹങ്ങളിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ഈ കാലഘട്ടത്തിൽ വിരുന്ന് പ്രായോഗികം അല്ലായിരുന്നു എങ്കിലും പ്രതീകാത്മകമായി ഒരു വിരുന്നായിട്ടാണ് ബലിയർപ്പണത്തെ കണ്ടിരുന്നത്.
ആരാധനാക്രമങ്ങളുടെ രൂപീകരണം
ക്രിസ്തുമതം യഹൂദ മതത്തിൽ നിന്ന് രൂപപ്പെട്ടത് ആയിരുന്നുവെങ്കിലും വളരെ പെട്ടെന്ന് അത് റോമാസാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ലോകത്തിന്റെ മറ്റ് ഇടങ്ങളിലേക്കും വ്യാപിച്ചു. അതിനാൽ തന്നെ യഹൂദ പാരമ്പര്യത്തിന്റെയും പ്രാർത്ഥന രീതികളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്ന പെസഹാ ആചരണ രീതികൾക്ക് സാംസ്കാരികമായ മാറ്റങ്ങൾ പിന്നീടുള്ള കാലഘട്ടങ്ങളിൽ ഉണ്ടായി. എഡി 313 -ലെ മിലാൻ വിളംബരത്തോടുകൂടി ക്രിസ്ത്യാനികൾക്ക് റോമാസാമ്രാജ്യത്തിൽ മുഴുവൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുണ്ടായി. ഇത് ക്രിസ്തുമതത്തിന്റെ മുഖച്ഛായ മാറുന്നതിന് ഇടയായി. അതോടെ ഒരുപാട് പേർ ക്രിസ്തുമതം സ്വീകരിക്കുന്നതിന് കാരണമായി.
സഭാ പിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ച് പെസഹാരഹസ്യങ്ങൾക്ക് ബലിയർപ്പണത്തിന്റെ രീതിയാണ് അവലംബിച്ചിട്ടുള്ളത്. അതിനാൽ ജനങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്റെ പുരോഹിതൻ ദൈവ തിരുസന്നിധിയിൽ ബലി അർപ്പിക്കുന്ന രീതിയായി വിശുദ്ധ കുർബാന മനസ്സിലാക്കപ്പെട്ടു തുടങ്ങി. ക്രിസ്തുവിന്റെ ദൈവത്വത്തെ സംശയിച്ച ആര്യനിസം അടക്കമുള്ള പാണ്ഡതകളുടെ ആവിർഭാവത്തോടെ കൂടി സഭ വിശുദ്ധ ബലി പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമൻ ആയിട്ടുള്ള ദൈവം തന്നെയായ യേശുക്രിസ്തുവിന്റെ ബലിയർപ്പണമാണ് എന്ന് പഠിപ്പിച്ചു. അതിനാൽ തന്നെ പെസഹാ രഹസ്യങ്ങളിലെ ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളെ ഒത്തിരി ആദരവോടും ഭക്തിയോടും കൂടെ ദൈവജനം മനസ്സിലാക്കിയും ബഹുമാനിച്ചും തുടങ്ങി. സഭയുടെ ചില ഭാഗങ്ങളിൽ പ്രത്യേകിച്ച് പൗരസ്ത്യ സഭയിൽ വിശുദ്ധ ജോൺ ക്രിസോസ്ത്തവും പശ്ചാത്യ സഭയിൽ വിശുദ്ധ അംബ്രോസും കൂടെകൂടെ ഉള്ള ബലിയർപ്പണത്തിൽ ഉള്ള പങ്കാളിത്തം നല്ലതാണ് എന്ന് പഠിപ്പിച്ചു. അങ്ങനെ ക്രമേണ ഞായറാഴ്ചകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വിശുദ്ധ ബലിയർപ്പണ രീതി അനുദിന ബലിയർപ്പണ രീതികളിലേക്ക് മാറി. ക്രമേണ പാശ്ചാത്യ സഭകളിലും പൗരസ്ത്യ സഭകളിലും വിശുദ്ധ കുർബാന എന്നത് ക്രിസ്തു മതത്തിൻന്റെ ഔദ്യോഗികമായ ആരാധനയായി മനസ്സിലാക്കി തുടങ്ങി.
വിശുദ്ധ കുർബാനയുടെ ചരിത്രം അത് ക്രിസ്തു മതത്തിന്റെ മുഴുവൻ ചരിത്രത്തിന്റെ ഭാഗമാണ്. ക്രിസ്തീയ വിശ്വാസികളെ പെന്തക്കുസ്താ മുതൽ ഇന്നോളം ഒരുമിച്ച് നിർത്തുന്നത് വിശുദ്ധ കുർബാനയിലുള്ള പങ്കാളിത്തമാണ്. പെസഹായുടെ ഓർമ്മയാചരണത്തെ യേശുക്രിസ്തു പഠിപ്പിച്ചതുപോലെ നമ്മൾ ബലിയും വിരുന്നുമായി ആഘോഷിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നു. ഇത് എന്റെ ശരീരവും രക്തവും ആണ് എന്ന് പറഞ്ഞുകൊണ്ട് പെസഹാ തിരുനാളിൽ തന്റെ കുരിശു മരണത്തിന് മുൻപ് യേശുക്രിസ്തു സ്വയം പങ്കുവെച്ച് നൽകിയ ആ ദിവ്യ വിരുന്നിനെ അത്രമാത്രം ശ്രേഷ്ഠവും പവിത്രവും ഭയഭക്തി ജനകവുമായി ആദ്യമാ ക്രൈസ്തവർ കണ്ടിരുന്നു.
ഡീക്കൻ അഗസ്റ്റിൻ പറമ്പുമുറിയിൽ