സ്വർഗ്ഗിയ ആരാധനയും വിശുദ്ധ ബലിയർപ്പണവും


                

      വിശുദ്ധ ബലിയർപ്പണം എന്ന് പറയുന്നത് സ്വർഗ്ഗീയ ആരാധനയുടെ ഭൂമിയിലെ അർപ്പണമാണ്. സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങുന്ന നിമിഷമാണ്. സ്വർഗ്ഗത്തിലെ മാലാഖമാരോട് ചേർന്ന് ദൈവത്തിന് അർപ്പിക്കുന്ന പരമമായ ആരാധനയുടെ ഭൂമിയിലെ ഒരു ക്ഷണക്കാഴ്ചയാണ് വിശുദ്ധ കുർബാന. ഒരു വ്യക്തിയുടെ ആത്മീയ, വ്യക്തിജീവിതത്തെ, സ്വർഗീയ ചിന്തകളുമായി ചേർക്കുന്നതും, നമ്മളുടെ ചിന്തകൾ ഉന്നതങ്ങളിലേക്ക് ഉയർത്താനും, സ്വർഗത്തെക്കുറിച്ച് ധ്യാനിക്കാനും പ്രേരിപ്പിക്കുന്നതാണ് ഓരോ വിശുദ്ധ ബലിയർപ്പണവും. സ്വർഗ്ഗത്തിന്റെ ഓർമ്മപ്പെടുത്തലുകൾ നിരവധി വിശുദ്ധ ബലിയർപ്പണത്തിൽ കാണാനായിട്ട്സാധിക്കും. സ്വർഗ്ഗരാജ്യത്തിൽ സകല വിശുദ്ധരോടും ഒന്നിച്ച് സ്തുതിക്കാനുള്ള ആഗ്രഹം, നല്ല കള്ളനോടൊപ്പം സ്വർഗ്ഗത്തിൽ കർത്താവിനെ കാണാനുള്ള ആഗ്രഹം, സ്വർഗത്തിൽ സകല വിശുദ്ധരോടൊത്ത് സന്നിഹിതരാകാനുള്ള ആഗ്രഹം, മാലാഖമാരുടെയും, വിശുദ്ധരുടെയും, മരിച്ച വിശ്വാസികളുടെയും അനുസ്മരണങ്ങൾ  ഇതാണ് ഓർമിപ്പിക്കുന്നത്. സ്വർഗ്ഗം സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ, ആവർത്തിച്ചുള്ള അനുസ്മരണങ്ങൾ ജീവിതത്തെ ശക്തിപ്പെടുത്തുന്നതാണ്. യാത്രകൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഓരോ വിശുദ്ധ കുർബാനയും. യുഗാന്ത  പ്രതീക്ഷകളെ ശക്തമാക്കുന്നതാണ്, സ്വർഗം സ്വന്തമാക്കാനുള്ള ആഗ്രഹം ഉറപ്പിക്കുന്നതാണ്. നിരവധി സഹനങ്ങളെ, വേദനകളെ സ്വർഗരാജ്യത്തെ പ്രതി ഒന്നുമല്ലാതായി കരുതാൻ സഹായിക്കുന്നതാണ് വിശുദ്ധ ബലിയർപ്പണം.  വിശുദ്ധ കൊച്ചുത്രേസ്യാ  പറയും, സ്വർഗ്ഗം ദർശിക്കുമ്പോൾ ഭൂമി എത്ര ദുർഭഗമായി കാണപ്പെടുന്നു.