പരിശുദ്ധ അമ്മയും വിശുദ്ധ ബലിയർപ്പണവും
ബലിയർപ്പണത്തിനായി പരിശുദ്ധ അമ്മ നമ്മളെ ഒരുക്കുമെന്നതിൽ സംശയത്തിനും വകയില്ല. പല ദേവാലയങ്ങളിലും ഈ നാളുകളിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഒരുങ്ങിയാണ് വിശുദ്ധ ബലിയർപ്പണത്തിനായി ഒരുങ്ങുന്നത്; അതുപോലെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഒരുങ്ങുന്ന വ്യക്തികളെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചോരുങ്ങുന്നതു വലിയ ശക്തി തന്നെയാണ്; ഈ ലേഖനത്തിൽ നമ്മൾ പരിചയപ്പെടുന്നത് പരിശുദ്ധ അമ്മയും വിശുദ്ധബലിയർപ്പണവും തമ്മിലുള്ള ബന്ധമാണ്.
പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഭക്തിയോടെയുള്ള ബലിയർപ്പണങ്ങളാണ്
ഓരോ ബലിയർപ്പണത്തിലൂടെയും നമ്മൾ പ്രവേശിക്കുന്നത് കർത്താവിന്റെ തിരുമണിക്കുറിലേക്കാണ്. ഓരോ ബലിയിലും; കാൽവരി വഴികളും, കാൽവരി മലയും സന്നിഹിതമാണ്. അങ്ങനെ, ഓരോ ബലിയിലും ക്രിസ്തുവിന്റെ കുരിശിലെ തിരുമൊഴികൾ ആവർത്തിക്കപ്പെടുന്നുണ്ട്; 'സ്ത്രീയെ, ഇതാ നിന്റെ മകൻ,' 'ഇതാ നിന്റെ അമ്മ' അതിനാൽ തന്നെ, ഏക പുത്രന്റെ മരണത്തിന് മൂകസാക്ഷിയായി വിധവയെ നാമെന്നും വിശുദ്ധ അമ്മയായി ഭവനത്തിലേക്ക് സ്വീകരിക്കുകയാണ്; നമ്മൾ അനുദിനം മക്കളായി മാറുകയും ചെയ്യുന്നു. വിശുദ്ധ കുർബാനയിലൂടെ മേരി അവളുടെ 'ദിവ്യമാതൃത്വം വ്യാപിപ്പിക്കുകയും', 'നിലനിർത്തുകയും' ചെയ്യുന്നു. അങ്ങനെ 'നവമായി' പരിശുദ്ധ അമ്മയെ, ഓരോ വിശുദ്ധ ബലിയർപ്പണത്തിലൂടെ ലഭിക്കുകയാണ്. പരിശുദ്ധ അമ്മയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ വണക്കം എന്ന് പറയുന്നത് അനുഭവ പൂർണമായ ബലിയർപ്പണങ്ങളാണ്. കർമ്മോത്സുകരായി, ബോധപൂർവ്വം, പൂർണമായി ബലിയർപ്പിക്കാൻ കഴിയണം. പരിശുദ്ധ അമ്മയുമായി ബലിയർപ്പണത്തിലൂടെ സംജാതമാകുന്ന ആഴമേറിയ ദൃഢമായ ആത്മബന്ധം വേറെ എവിടെയും കണ്ടെത്താൻ കഴിയില്ല എന്ന സത്യം നമുക്ക് ഒരിക്കലും മറക്കാതിരിക്കാൻ ശ്രമിക്കാം. മരിയഭക്തി വിശുദ്ധ കുർബാനിലേക്ക് നയിക്കുന്നതുപോലെ വിശുദ്ധ കുർബാന മരിയ ഭക്തിയിലേക്ക് നയിക്കുന്നതാണ്.
പരിശുദ്ധ അമ്മയെ പോലെ ബലിയർപ്പിക്കുക
നിരവധിയായി നമ്മൾ കേട്ടിരിക്കുന്ന ഒരു കാര്യമാണ് പരിശുദ്ധ അമ്മയെപ്പോലെ ബലിപ്പിക്കുക എന്നത്. അത് എങ്ങനെയാണ് സാധ്യമാവുക; അത് വ്യക്തമാവുക, പരിശുദ്ധാത്മാവിനെ കാത്തിരുന്നു പ്രാർത്ഥിച്ച ശിഷ്യൻമാരോടൊപ്പം പരിശുദ്ധ അമ്മയും ഉണ്ടായിരുന്നവെന്ന വലിയ സത്യമാണ്. ഒന്നിച്ചു കൂടിയിരുന്ന ആദ്യ സമൂഹത്തിൽ അപ്പസ്തോലന്മാരോടൊപ്പം അവൾ ഉണ്ടായിരുന്നെങ്കിൽ; അപ്പം മുറിക്കൽ ശുശ്രൂഷയിൽ താൽപര്യപൂർവം പങ്കുചേർന്ന ആദ്യമ തലമുറയിലെ ക്രൈസ്തവരുടെ വിശുദ്ധ കുർബാനയർപ്പണത്തിൽ അവൾ താല്പര്യപൂർവം പങ്കെടുത്തിട്ടുണ്ട്. 'നിങ്ങൾക്ക് വേണ്ടി അർപ്പിക്കപ്പെടുന്ന ശരീരമാകുന്നു ഇത്' എന്ന അന്ത്യവചസുകൾ; പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരുടെ അധരത്തിൽ നിന്ന് ഉതിരുമ്പോൾ മറിയത്തിന് ഉണ്ടായ മനോഭാവം എന്തായിരിക്കണം; കുരിശിന്റെ വഴിത്താരകളിലൂടെ, ഒറ്റപ്പെടലിലൂടെ, തള്ളിപ്പറയലിലൂടെ, അവൾ യാത്ര ചെയ്തിട്ടുണ്ടാകണം. 'വാങ്ങി ഭക്ഷിക്കുവിൻ', എന്ന് ബലിയർപ്പകൻ ആവർത്തിക്കുമ്പോൾ ഉണ്ണിയെ കൈയിലെടുത്ത അമ്മയുടെ ആഹ്ലാദവും, അവിടുത്തെ തിരുമുഖം കണ്ടതിലുള്ള ആനന്ദ വിവശമായ നോട്ടവും, താലോലിച്ചപ്പോൾ അനുഭവിച്ച അതുല്യമായ സ്നേഹവും അവൾ അനുഭവിച്ചിട്ടുണ്ട്. ഈശോയെ സ്വീകരിക്കുമ്പോൾ; മംഗള വാർത്തയുടെ സുദിനത്തിലൂടെ കടന്ന് ഈശോയെ ഉദരത്തിൽ സ്വീകരിച്ചതിന്റെ പുണ്യ സ്മരണ അവളുടെ ഹൃദയത്തെ ഭേദിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയെ പോലെ ബലിയർപ്പിക്കാനായി ഓർമ്മിപ്പിക്കുന്നതിലൂടെ, തിരുസഭ നമ്മോട് നിരന്തരം പറയുന്നത് അമ്മ ബലിയർപ്പണങ്ങളിൽ പങ്കെടുത്തതുപോലെ പങ്കെടുക്കാനാണ്.
ദൈവത്തെ ഏകത്വത്തിൽ ആരാധിക്കാൻ പരിശുദ്ധ അമ്മ പഠിപ്പിക്കും
പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം മനോഹരമായ ഒരു ത്രിത്വ സ്തുതിയാണ്. പരിശുദ്ധ അമ്മ; യേശുവിൽ, പരിശുദ്ധാത്മാവ് നിറഞ്ഞു, പിതാവായ ദൈവത്തെ ആരാധിക്കുന്നു. ഒരു വ്യക്തിക്ക് ത്രിത്വ ആരാധന പൂർണതയിൽ നിർവഹിക്കാൻ കഴിയുന്നത് വിശുദ്ധ ബലിയർപ്പണത്തിലാണ്. ത്രിയേക ദൈവത്തിന്റെ പ്രിയപ്പെട്ട വ്യക്തി എന്ന നിലയിൽ; പിതാവിനെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും പൂർണതയിൽ ആരാധിക്കാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കും. പിതാവായ ദൈവത്തിന്റെ മകളും, പുത്രനായ ദൈവത്തിന്റെ അമ്മയും, പരിശുദ്ധാത്മാവായ ദൈവത്തിന്റെ പ്രിയ മണവാട്ടിയും എന്ന നിലയിലാണിത്. എത്ര തവണയാണ് നമ്മൾ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവായ ദൈവത്തെയും വിശുദ്ധ കുർബാനയിൽ സ്തുതിക്കുകയും, ആരാധിക്കുകയും, നന്ദി പറയുകയും ചെയ്യുന്നത്. ദൈവഹിതം, ഭൂമിയിൽ നിറവേറ്റാൻ സമ്മതമരുളിയ വ്യക്തി എന്ന നിലയിലും, ഏക പുത്രന്റെ ബലിയർപ്പണ വേളകളിൽ സന്തത സഹചാരി എന്ന നിലയിലും, 'ദൈവമാതാവ്' എന്ന തിരുസഭയുടെ പ്രബോധനത്തിന്റെ അടിസ്ഥാനത്തിലും, പരിശുദ്ധ അമ്മയോട് ചേർന്ന് നിൽക്കുന്നവർക്ക് ത്രിത്വ രഹസ്യം മനസ്സിലാക്കാനും, ആരാധിക്കാനും, സഹായമാകും എന്നതിൽ തർക്കത്തിന് ഇടമില്ല. ആത്മാവ് നിറഞ്ഞവർക്ക്, പിതാവിനെയും, പുത്രനെയും, മഹത്വപ്പെടുത്താതെ തരമില്ല. വചനം, പലസ്ഥലങ്ങളിലും കാണിച്ചുതരുന്നത് അമ്മയോട് ചേർന്ന് നിന്നവരെല്ലാം, ആത്മാവ് നിറഞ്ഞവരായിരുന്നുവെന്നതാണ്. അതിനാൽ തന്നെ, പരിശുദ്ധ അമ്മയോട് ചേർന്ന് നിന്ന് ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാം
ഭവനങ്ങൾ ആരാധനയുടെ സ്ഥലങ്ങൾ ആകും
അവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങിയ സഖറിയായുടെ ഭവനം, ദൈവ ആരാധനയുടെ ഭവനമായി മാറുകയാണ്. സ്തോത്ര ഗീതങ്ങളും ദൈവസ്തുതികളും ഉയരുകയാണ്. ഒത്തിരിയേറെ ബലിയർപ്പണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും, സഹകാരി ആയിട്ടും, ഹൃദയത്തിൽ ആരാധന നിറയാത്ത സഖറിയാ പുരോഹിതന്റെ ഭവനം. ആഹ്ലാദത്തിന്റെ പങ്കുവെക്കൽ ശബ്ദങ്ങൾ കേൾക്കേണ്ട വീടാണ്; ശോകമൂകതയുടെയും, കുറ്റപ്പെടുത്തലുകളുടെ സങ്കേതം ആയി മാറുന്നത്. ഈ ഭവനമാണ്, പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ ദൈവകൃപയുടെ ഇടമായി മാറിയാത്. ഇന്നും നമ്മുടെയൊക്കെ ജീവിതത്തിന്റെ തുടർതാളമെന്നതുപോലെ ഈ അനുഭവം തീരുകയാണ്; മെക്സിക്കോയിലെ ഗാദിലൂപ്പ എന്ന സ്ഥലത്ത് 1531 -ൽ ജ്യൂവാൻ ടിയാഗോ എന്ന വ്യക്തിക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയാണ്. ദുരാചാരങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും സ്ഥലമായിരുന്ന ഗ്വാദിലൂപ്പ ദൈവാരാധനയുടെ സ്ഥലമായി മാറുകയാണ്.
വിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ പഠിപ്പിക്കും
ദൈവീക രഹസ്യങ്ങളെ മനോഹരമായി വചനത്തിലൂടെ അവതരിപ്പിച്ച വ്യക്തിയാണ് വിശുദ്ധ യോഹന്നാൻ. അദ്ദേഹത്തിന്റെ വചനം ബൈബിൾ പണ്ഡിതർക്കെന്നും, ദൈവിക ജ്ഞാനത്തിന്റെ വെളിപ്പെടുത്തലാണ്. സ്വർഗീയ ആരാധനയെ പ്രതീകാത്മകമായി അർപ്പിക്കുന്ന വെളിപാട് ഗ്രന്ഥവും, എത്രമാത്രം ദിവ്യകാരുണ്യ രഹസ്യമായി ഇടകലർന്നിരിക്കുന്നു എന്ന വ്യക്തമാക്കുന്നതാണ്. വിശുദ്ധബലിയെ കുറിച്ച് ആധികാരികമായി പഠിപ്പിക്കുമ്പോഴും, പഠിക്കുമ്പോഴും ഒരിക്കലും വിശുദ്ധ യോഹന്നാന്റെ സുവിശേഷം നമുക്ക് മറക്കാൻ കഴിയില്ല. ഇടത്തും വലത്തും ഇരിക്കാനുള്ള ഭാഗ്യം തരണമേ എന്ന് അമ്മയെയും കൂട്ടി കർത്താവിനോട് ചോദിച്ച അതേ ശിഷ്യനാണ് ബലിയർപ്പണത്തിൽ ശുശ്രൂഷയുടെ പാഠങ്ങൾ പതിമൂന്നാം അധ്യായത്തിൽ എഴുതിയതെന്നു മനസ്സിലാക്കുമ്പോഴാണ് ഭവനത്തിൽ അമ്മയെ സ്വീകരിച്ച യോഹന്നാനിൽ, അമ്മയോടൊപ്പമുള്ള സഹവാസം വരുത്തിയ മാറ്റം തിരിച്ചറിയുന്നത്. എടുത്തുചാട്ടക്കാരനും, ക്ഷിപ്രകോപിയുമായവൻ, എങ്ങനെ ദിവ്യകാരുണ്യപ്രേക്ഷിതനായി തീർന്നുവെന്നതിൽ അമ്മയുടെ സാന്നിധ്യത്തിൽ കവിഞ്ഞൊരു ഉത്തരമില്ല. സ്വർഗ്ഗീയ ഇടത്തെക്കുറിച്ച് ആകുലപ്പെട്ടവൻ സ്വർഗീയ ആരാധനയെക്കുറിച്ച് വെളിപാട് ഉള്ളവനായി.
പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഭക്തിയോടെയുള്ള ബലിയിർപ്പണങ്ങളാണ്
പരിശുദ്ധ അമ്മ ഈശോയ്ക്ക് ശരീരവും രക്തവും നൽകിയവളാണ്. അങ്ങനെ ബലിയർപ്പണവും ഈശോയുടെ മാതൃകയനുസരിച്ച് പൂർണമായി അർപ്പിച്ചു; ആ ആത്മാർപ്പണത്തിനു ദൈവം നൽകിയ സൗഭാഗ്യമാണ് ശരീരാത്മാവോടെയുള്ള ആവളുടെ സ്വർഗ്ഗാരോപണം. ഈശോയ്ക്ക് ശരീരവും രക്തവും കൊടുക്കുന്ന ഓരോ വ്യക്തിയെയും ഈശോ ബലപ്പെടുത്തുന്നത് ശരീര രക്തങ്ങളാൽ തന്നെയാണ്. എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ അവനിൽ വസിക്കുകയും ചെയ്യും. ഈ തിരുവചനത്തിന്റെ പൂർത്തീകരണം ആദ്യമായി സ്വീകരിച്ചു നമുക്കായി മേടിച്ചു തരുന്നതും പരിശുദ്ധ അമ്മയാണ്. നമ്മുടെ കർത്താവ് തന്റെ അമ്മയോട് ഇപ്രകാരം പറയുന്നത് വിശുദ്ധ ബ്രിജിത്ത പുണ്യവതി കേട്ടു; അമ്മേ, എന്നിൽ നിന്ന് എന്ത് ആഗ്രഹിച്ചാലും ചോദിച്ചുകൊള്ളുക; ഈ ഭൂമിയിൽ നീ എനിക്ക് ഒന്നും നിഷേധിക്കാത്തതിനാൽ, സ്വർഗ്ഗത്തിലും ഞാൻ ഒന്നും അവിടത്തേക്ക് നിഷേധിക്കില്ല." വിശുദ്ധ അന്തോണിയ പറയുന്നത്, അവളുടെ പ്രാർത്ഥനകൾക്ക് കൽപ്പനയുടെ സ്വരം ഉണ്ടെന്നാണ്. ശരീരവും രക്തവും നൽകി; ശരീരവും രക്തവും സ്വീകരിച്ചവൾ; തിരു ശരീരവും തിരുരക്തവും നൽകുന്ന ക്രിസ്തുവിനെ; ശരീരവും രക്തവും നൽകി സ്നേഹിക്കാൻ പഠിപ്പിക്കട്ടെ. വെള്ളം വെള്ളം വീഞ്ഞായി മാറുന്ന ഈശോയുടെ ആദ്യ അത്ഭുതത്തിനു സാക്ഷ്യം വഹിച്ച അമ്മ ഇന്ന് നമ്മളോട് പറയുന്നത് ഇത് തന്നെയാണ്. 'അവൻ പറയുന്നത് നിങ്ങൾ ചെയ്യുവിൻ' മാളികയിലെ ക്രിസ്തുവിന്റെ കൽപ്പന എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ ആവർത്തിക്കുന്നത് വഴിയായി ഓരോ വിശുദ്ധ ബലിയർപ്പണത്തിലും കാനായിലെ രഹസ്യത്തിന്റെ ഏറ്റുപറച്ചിലും അനുസ്മരണവും ഉണ്ട്.
വിശ്വാസത്തിന്റെ ആഘോഷമാണ് വിശുദ്ധ ബലിയർപ്പണം; 'വിശ്വസിച്ചവൾ ഭാഗ്യവതി'
വിശുദ്ധ ബലി വിശ്വാസത്തിന്റെ രഹസ്യമാണ്; പോൾ ആറാമൻ മാർപാപ്പയും ആവർത്തിച്ചു പഠിപ്പിച്ച കാര്യമാണ് .അതുകൊണ്ടുതന്നെയാണ് വിശുദ്ധ ബലിയർപ്പണത്തെ കുറിച്ച് കൂടുതലായി പരിശുദ്ധ അമ്മയുടെ പാഠശാലയിൽ നിന്ന് പഠിക്കേണ്ടി വരുന്നത്; ക്രിസ്തു സംഭവം, ഒരുപക്ഷേ മറിയത്തെ പോലെ വിശ്വസിച്ചവൾ ആരുമില്ലായിരുന്നു. ആകയാൽ, അവൾ സ്ത്രീകളിൽ അനുഗ്രഹീതയായി, ഉദരത്തിൽ ജന്മമെടുത്തവൻ ദൈവമാണെന്ന വിശ്വാസം; സർവ്വരാലും പരിത്യക്തനായി, കുറ്റവാളിയായി, കുരിശിൽ മരിച്ചവൻ, രക്ഷകൻ ആണെന്നുള്ള വിശ്വാസം; ശാരീരിക നേത്രങ്ങൾക്ക് വിശ്വാസത്തിന്റെ പടലങ്ങൾ നൽകിയ അമ്മ. അപ്പവും, വീഞ്ഞും, തിരുശരീരവും, തിരുരക്തവുമായി മാറുന്ന ദിവ്യകാരുണ്യത്തിന്റെ മഹാ രഹസ്യത്തെ സമീപിക്കുമ്പോൾ, പരിശുദ്ധ അമ്മയോടൊപ്പം വരികയെങ്കിൽ; എത്ര മനോഹരവും രുചിപ്രദവും ആകും. ക്രിസ്തു രഹസ്യങ്ങളെ ധ്യാനാത്മകമായി സമീപിച്ചു ആഘോഷമാക്കിയ പരിശുദ്ധ അമ്മ; ബലിയുടെ വചന ശുശ്രൂഷയെയും, അപ്പത്തിന്റെ ശുശ്രൂഷയും ധ്യാനവും ആഘോഷവുമാക്കാനും സഹായിക്കുന്നവളാകും. അതുകൊണ്ടുതന്നെയാണ് ജനക്കൂട്ടത്തിനിടയിൽ നിന്നൊരു സ്ത്രീ അമ്മയെ പ്രശംസിച്ചപ്പോൾ 'ദൈവവചനം നിറവേറ്റുന്നവരാണ് കൂടുതൽ ഭാഗ്യവതി' എന്ന് ക്രിസ്തു വിശേഷിപ്പിക്കാൻ ഇടയാകുന്നത്.
പരിശുദ്ധ കുർബാനയുടെ അമ്മ; വിശുദ്ധ കുർബാനയുടെ സ്ത്രീ
പരിശുദ്ധ അമ്മയെയും വിശുദ്ധ കുർബാനയും ഒത്തിരി ആദരിച്ചിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്. അദ്ദേഹം പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യത്തിന്റെ മാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. പരിശുദ്ധ അമ്മയിൽ രൂപപ്പെട്ട ശരീരവും രക്തവും ആണ് തിരുശരീരവും തിരുരക്തവുമായി മാറുന്നത്; ആകയാൽ പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കാൻ വിശുദ്ധൻ തയ്യാറാവുകയാണ്. ജോൺപോൾ രണ്ടാമൻ മാർപാപ്പ എഴുതി, 'നമുക്കായി അർപ്പിക്കപ്പെടുന്ന ശരീരവും, കൗദാശിക സാദൃശ്യങ്ങളിലൂടെ സന്നിഹിതമാക്കപ്പെടുന്ന ശരീരവും അവളുടെ ഉദരത്തിൽ രൂപം കൊണ്ട അതേ ശരീരമാണ്.' ( വി.കുർബാനയും സഭയും, ന. 56 ) ദിവ്യകാരുണ്യത്തിന്റെ അമ്മ, വിശുദ്ധ കുർബാനയുടെ സ്ത്രീയായ പരിശുദ്ധ അമ്മ, ദിവ്യകാരുണ്യ സ്വീകരണത്തിന് നമ്മളെ പൂർണമായി ഒരുക്കുന്നതാണ്. കറയും കളങ്കവുമില്ലാതെ അമ്മയോടുള്ള അഭേധ്യമായ സ്നേഹവും ആത്മബന്ധവും നമ്മെയും അമലോത്ഭവയായ അവൾ തിരുശരീരരക്തങ്ങളെ സ്വീകരിക്കാൻ നമ്മളെയും സഹായിക്കും.
വിശുദ്ധബലിയർപ്പണവും, പരിശുദ്ധ അമ്മയും; വിശുദ്ധരും
ഒത്തിരി തീവ്രതയോടെ ബലിയർപ്പിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ ജപമാല ചൊല്ലിയാണ് ഒരുങ്ങിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്താറുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ 'പ്രകാശത്തിന്റെ രഹസ്യങ്ങൾ' പരിചയപ്പെടുത്തുമ്പോൾ അവസാന രഹസ്യമായി വിശുദ്ധ കുർബാന സ്ഥാപനം ചേർത്തുകൊണ്ട് ജോൺപോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു, 'മറിയത്തിന് ഈ പരിശുദ്ധ കൂദാശയിലേക്ക് നമ്മെ നയിക്കാനാവും, കാരണം അവൾക്കിതുമായി ആഴമായി ബന്ധമുണ്ട്.' വളരെ കൗതുകകരമായ ഒരു വിവരണം വിശുദ്ധ കൊച്ചുത്രേസിയാ തരുന്നുണ്ട്. തലമുടിയും, വസ്ത്രങ്ങളും എല്ലാം അലങ്കോലപ്പെട്ട മൂന്ന് നാല് വയസ്സുള്ള ഒരു പെൺകുട്ടിയാണ് എന്റെ ആത്മാവ്; അൾത്താരയിൽ യേശുവിന്റെ സമീപത്ത് ചെല്ലുവാൻ ഞാൻ ലജ്ജിച്ചു നിൽക്കുമ്പോൾ, പരിശുദ്ധ അമ്മ എന്റെ അവശ്യസ്ഥിതി കണ്ട്, അടുത്ത് വന്ന്, പഴയ വസ്ത്രങ്ങൾ മാറ്റി, വേറൊന്ന് ധരിപ്പിച്ച്, മുടി ചീകി ഒരുക്കി, ഒരു ചെറിയ പൂവും ചൂടി, ആകർഷകമാംവിധം എന്നെ ഒരുക്കുന്നു. അപ്പോൾ യാതൊരു മടിയും കൂടാതെ, മാലാഖമാരുടെ അരികിൽ എനിക്ക് ഇടം പിടിക്കാൻ കഴിയുന്നു. വിശുദ്ധരുടെ അനുഭവങ്ങളും വിവരണങ്ങളും എല്ലാം പരിശുദ്ധ അമ്മയോടൊപ്പം ബലിയർപ്പണത്തിലേക്ക് വരുവാൻ നമ്മളെ സഹായിക്കുന്നതാണ്. വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്നതിനുള്ള ഏറ്റവും നല്ല തയ്യാറെടുപ്പ് മേരിയോടൊപ്പം നടത്തുക എന്നാണ് വിശുദ്ധ മാക്സ്മില്യൻ കോൾബെ പറയുന്നത്. ഏതു ആയാലും അത് പാശ്ചാത്യമാണെങ്കിലും പൗരസ്ത്യമാണെങ്കിലും ബലിയർപ്പണത്തിൽ പരിശുദ്ധ അമ്മയെ അനുസ്മരിക്കുന്നു. ഒരിക്കിൽ വിശുദ്ധ ബെർണ്ണഡിറ്റയോട് ഒരാൾ ചോദിച്ചു നിനക്കു ഏതാണിഷ്ടം വിശുദ്ധ കുർബാന സ്വീകരിക്കുന്നതോ ഗ്രോട്ടോയിലെ കന്യാമാതാവിനെ സന്ദർശിക്കുന്നതോ? അവൾ പറഞ്ഞു; എന്തൊരു അസാധാരണമായ ചോദ്യമാണ്, അവരെ വേർപ്പെടുത്തുക അസാധ്യമാണ്, യേശുവും മേരിയും എപ്പോഴും ഒന്നിച്ചു നിൽക്കുക തന്നെ ചെയ്യും. പരിശുദ്ധ അമ്മ സന്നിഹിത ആകാതെയുള്ള ബലിയർപ്പണങ്ങൾ സാധ്യമല്ല. ഈശോ ബലിയർപ്പിച്ചപ്പോൾ എല്ലാം അവളുണ്ട്; കുരിശിന്റെ ചുവട്ടിലും, കുരിശിന്റെ വഴിയിലും, കൊല്ലാൻ തിരയുമ്പോഴും അവൾ ഉണ്ട്. തിരുവചനത്തിൽ ഈശോയിൽ അശുദ്ധാത്മാവ് ഉണ്ട്, പിശാചുക്കളുടെ തലവനെ കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നതെന്ന് ആക്ഷേപിക്കുമ്പോൾ നാം വായിക്കുന്നു അവന്റെ അമ്മയും സഹോദരന്മാരും പുറത്തുനിൽക്കുന്നുവെന്ന്. അവന്റെ ചങ്ക് പിടഞ്ഞപ്പോൾ, കാലുപതറിയപ്പോൾ, കണ്ണുകൾ ഈറനണിഞ്ഞപ്പോൾ അവന്റെ അമ്മ അവിടെ നിന്നിരുന്നു. ക്രൂശീതനോട് ചേർന്ന് നിന്നാണ് അമ്മ ബലിയർപ്പിച്ചത്. അതുകൊണ്ടാണ്, ഇന്നും ദിവ്യകാരുണ്യം അവഹേളിക്കപ്പെടുമ്പോൾ, ക്രിസ്തു അപമാനിക്കപ്പെടുമ്പോൾ, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുന്നത്. വിശുദ്ധ അൽഫോൻസ് ലിഗോരി പുണ്യവാളൻ ദിവ്യകാരുണ്യ സന്ദർശന പ്രാർത്ഥന രചിച്ചപ്പോൾ കൂടെ പരിശുദ്ധ അമ്മയെ സന്ദർശിക്കുന്നതിന്റെയും പ്രാർത്ഥന ചേർത്തുവച്ചുകൊണ്ട് പറഞ്ഞു; ജ്ഞാനികൾ ഈശോയെ സന്ദർശിച്ചപ്പോൾ അവർ ഭവനത്തിൽ പ്രവേശിച്ചു; ശിശുവിനെ അമ്മയായ മറിയത്തോട് കൂടി ആരാധിച്ചു എന്നാണ് തിരുവചനം. തിരുവചനം പറഞ്ഞതുപോലെ, യേശുവും മേരിയും എപ്പോഴും ഒന്നിച്ചു നിൽക്കും.
നമ്മൾ ധ്യാനിച്ച കാര്യങ്ങളിലൂടെ കണ്ടെത്തിയ ഒരു കാര്യം അമ്മയോടുള്ള ഭക്തിനത്തിലേക്ക് നയിക്കുന്നതാണ് യഥാർത്ഥ മരിയ ഭക്തർ ദിവ്യകാരുണ്യത്തിന് തണലിൽ അഭയം തേടുന്നവർ ആയിരിക്കും പരിശുദ്ധ അമ്മയോട് പ്രത്യേകം പ്രാർത്ഥിക്കാം ബലിയർപ്പണങ്ങൾക്ക് ഞങ്ങളെ ഒരുക്കമേ, അമ്മയെ വിലയിൽ പങ്കെടുത്തത് പോലെ പങ്കെടുക്കാൻ ഞങ്ങളെ സഹായിക്കണമേ ആമേൻ