ദിവ്യകാരുണ്യമായിരുന്നു അവന്റെ ആത്മീയജീവിതത്തിന്റെ കേന്ദ്രബിന്ദു
Read more..
ഒരു ഇറ്റാലിയൻ വെബ്സൈറ്റ് ഡിസൈനറായിരുന്ന കാർലോ അക്യുട്ടിസ് ജനിച്ചത് 1991, മെയ് 3 -നാണ്. 2006 ഒക്ടോബര്‍ 12-ന് പതിനഞ്ചാം വയസ്സില്‍ ലുക്കിമിയ പിടിപ്പെട്ടതിനെത്തുടർന്നു കാർലോ മരണമടഞ്ഞു. 2020 ഒക്ടോബർ 10-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. 2024 മെയ് മാസത്തിൽ രണ്ടാമത്തെ അത്ഭുതം സ്ഥിരീകരിച്ചതിന് ശേഷം, വിശുദ്ധപദവി പ്രഖ്യാപനം തുടരുന്നതിന് 2024 ജൂലൈയിൽ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. ആധുനിക മാധ്യമ ലോകത്തിന്റെ സ്വാധീനത്തില്‍ ജീവിക്കുന്ന യുവജനങ്ങൾക്കെല്ലാം മാതൃകയാണ് വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ്. വിശുദ്ധൻ മാധ്യമ സുവിശേഷവത്കരണത്തിന്റെ മദ്ധ്യസ്ഥനായിട്ടാണ് അറിയപ്പെടുന്നത്.
ദിവ്യകാരുണ്യ ഭക്തി
ഹ്രസ്വമെങ്കിലും ഈശോയ്ക്ക് സജീവസാക്ഷ്യം വഹിക്കുന്നതായിരുന്നു കാർലോയുടെ ജീവിതം. ദിവ്യകാരുണ്യമായിരുന്നു അവന്റെ ആത്മീയജീവിതത്തിന്റെ കേന്ദ്രബിന്ദു. ദിവ്യകാരുണ്യാത്ഭുതങ്ങളുടെ വെബ്സൈറ്റ് രൂപകല്പന ചെയ്തത് വഴി അവന് ഒരേ സമയം ദിവ്യകാരുണ്യത്തോടുള്ള തന്റെ ഭക്തി പ്രദർശിപ്പിക്കുകയും ദിവ്യകാരുണ്യത്തിന്റെ ശക്തി ലോകത്തെ അറിയിക്കാനും സാധിച്ചു.
എല്ലാ ദിവസവും പരിശുദ്ധ കുർബാനയിൽ വിശ്വാസത്തോടെ പങ്കെടുക്കുകയും, ആഴ്ചയിലൊരിക്കൽ കുമ്പസാരിക്കുകയും, ഇടവകയിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും വഴിയായി ക്രിസ്തീയ വിശ്വാസത്തിന് ധീര മാതൃകയായ വിശുദ്ധൻ ദിവ്യകാരുണ്യ ഈശോയുടെ തിരുസാന്നിധ്യത്തിലുള്ള വിശ്വാസം എല്ലാവരിലും ഉറപ്പിക്കുവാനായി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ രേഖകളും ചിത്രങ്ങളും ശേഖരിച്ച് ഒരു വെബ്സൈറ്റ് നിർമ്മിച്ചു.
പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ അന്നു മുതൽ, പരിശുദ്ധ കുർബാനയോടുള്ള വലിയ സ്നേഹം കാർലോയിൽ ആഴപ്പെട്ടു. പരിശുദ്ധ കുർബാനയെ 'സ്വര്‍ഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേ' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ദിവ്യബലിയിൽ എല്ലാ ദിവസവും പങ്കെടുക്കാനും അതിന് മുമ്പോ ശേഷമോ അര മണിക്കൂർ ആരാധന നടത്താനും അവൻ ശ്രദ്ധിച്ചിരുന്നു. പരിശുദ്ധ കുർബാനയിൽ യേശുവിന്റെ സാന്നിദ്ധ്യത്തിലായിരിക്കുമ്പോള് നമ്മള് വിശുദ്ധരായിത്തീരുമെന്ന് അവൻ കൂടെകുടെ പറയുമായിരുന്നു, "പരിശുദ്ധ കുർബാനയിൽ ഞാൻ പങ്കെടുക്കുമ്പോള്‍ ഈശോയുടെ മാറില്‍ വി. യോഹന്നാന് ശ്ലീഹാ അന്ത്യ അത്താഴവേളയിൽ കിടന്ന ഒരു അനുഭവമാണ് എനിക്ക് ലഭിക്കാറുള്ളത്." പരിശുദ്ധ കുര്‍ബാനയിൽ എത്രത്തോളം ഈശോയെ സ്വീകരിക്കുന്നുവോ അത്രയധികം നാം യേശുവിനോട് സാമ്യപ്പെടും. കാർലോയുടെ ഡയറിയിൽ കുറിച്ച് വച്ചു.
കുർബാനയോടുള്ള വിശുദ്ധന്റെ സ്നേഹം അവനെ പാവങ്ങളിലെത്തിച്ചു. ദൈവത്തോടുള്ള സ്നേഹത്തില്‍ നിന്ന് അയല്‍ക്കാരനോടുള്ള സ്നേഹം ഉടലെടുത്തു. ഭവന രഹിതര്‍ക്ക് ഭക്ഷണം നല്കുന്ന മിലാനിലെ ഒരു കപ്പുച്ചിൻ സന്യാസിയുടെ കാന്റീനില്‍ അദ്ദേഹം സന്നദ്ധസേവനം നടത്തി. തന്റെ സമ്പാദ്യം ഉപയോഗിച്ച് ഒരു ഭിക്ഷക്കാരനുവേണ്ടി ഒരു സ്ലീപ്പിംഗ് ബാഗ് വാങ്ങി.
ഗുജറാത്തിലെ ഹൈന്ദവനായ രാജേഷ് മോഹർ എന്ന വ്യക്തി കാർലോയുടെ ഭവനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. കാർലോയും രാജേഷും പലപ്പോഴും സംസാരിച്ചിരുന്നത് ക്രിസ്തുസ്നേഹത്തെപ്പറ്റിയായിരുന്നു. കാർലോയുടെ ദിവ്യകാരുണ്യസ്നേഹവും വിശുദ്ധിയും അനുഭവിച്ച് അതില്‍ ആകൃഷ്ടനായ രാജേഷ്മോഹർ ഇപ്പോൾ ക്രിസ്ത്യാനിയായി. തനിക്ക് ശരിയായതിനെ കണ്ടെത്തുവാൻ കാർലോ സഹായിച്ചുവെന്ന് രാജേഷ് പറയുന്നു.
ഒരിക്കല്‍ വിശുദ്ധനാട് സന്ദർശിക്കുവാനായി കാർലോയുടെ പപ്പാ പറഞ്ഞപ്പോൾ ഇടവക ദൈവാലയത്തില്‍ സക്രാരിയില്‍ ഈശോ ജറുസലേമിലെ പോലെ തന്നെ ജീവിക്കുന്നു എനിക്ക് അവിടെ, ഇടവകദേവാലയത്തിൽ ഈശോയുടെ അടുത്ത് പോയാൽ മതി.
രോഗസംബന്ധമായ എല്ലാ വേദനകളും മാർപാപ്പയ്ക്കും, തിരുസഭയ്ക്കും വേണ്ടി സമർപ്പിച്ച ധന്യനായ കാർലോ അക്കുത്തീസ് 2006 ഒക്ടോബർ 12-ാം തീയതി രാവിലെ 6:45-ന് സ്വർഗത്തിലേയ്ക്ക് യാത്രയായി. 'എല്ലാവരും അവരവരുടെ തനിമയില്‍ ജനിക്കുന്നു എന്നാല്‍ പലരും മറ്റുള്ളവരുടെ പകര്‍പ്പുകളായി മരിക്കുന്നു. ഞാന്‍ മരിക്കുമ്പോള്‍ എന്നെ ഭൂമിയിലേക്ക് അയച്ചവന്റെ തനിമയില്‍ മരിക്കുമെന്ന്' പറഞ്ഞ കാര്‍ലോയുടെ വാക്കുകള്‍ ദൈവം സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് കാര്‍ലോ ഇന്ന് അള്‍ത്താരയില്‍ വണക്കത്തിന് യോഗ്യനായിരിക്കുന്നത്.
കാർലോയുടെ അനുദിന ആത്മീയ പരിശീലനങ്ങൾ
കൂദാശ ജീവിതം; മുടക്കം കൂടാതെയുള്ള ദിവ്യകാരുണ്യ സ്വീകരണം, എല്ലാ ആഴ്ചയിലും കുമ്പസാരം
മുടങ്ങാതെയുള്ള ജപമാല , ഒരു മണിക്കൂര്‍ ആരാധന
അനുദിന ബൈബിള്‍ വായന
ആത്മീയ ശുശ്രുഷകൾ; ദിവ്യകൃന്യ അത്ഭുതങ്ങളുടെ പ്രദർശനം
മാതാപിതാക്കളെ നഷ്ടപ്പെട്ട കൂട്ടുകാരെ നിത്യവും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവരോടൊപ്പം സമയം ചിലവഴിച്ചിരുന്നു
ദിവ്യകാരുണ്യത്തിന്റെ കൊച്ചു വിശുദ്ധൻ
Read more..
വിശുദ്ധ സ്റ്റാൻസിലാവോസ് കോസ്ക്ക 17 വയസ്സുവരെ ജീവിച്ചിരുന്ന ദിവ്യകാരുണ്യ ഭക്തനായിരുന്നു. ചെറുപ്പത്തിൽ ഏകദേശം 350 മൈലുകൾ സഞ്ചരിച്ചു ജെസ്യൂട്ട് സമൂഹത്തിൽ ചേർന്നു. വിശുദ്ധ ഫ്രാൻസിസ് ബോർജിയാണ് വിശുദ്ധനെ ഈ സമൂഹത്തിൽ ചേർത്തത്. ഒത്തിരിയേറെ ക്രൈസ്തവ മതമർദ്ദനങ്ങൾ നടക്കുന്ന, വൈദികരെ അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു ജനസമൂഹത്തിനിടയിലാണ് വിശുദ്ധൻ ജീവിച്ചിരുന്നത്. ആയതിനാൽ സ്ഥലത്തെ പ്രമുഖന്മാരാണ് വൈദികരെ പലപ്പോഴും നിശ്ചയിച്ചു നൽകിയിരുന്നത്. പിതാവ് തന്റെ മകൻ വൈദികൻ ആകുന്നതിൽ താൽപര്യം കാണിച്ചില്ലെന്ന് മാത്രമല്ല, അംഗമാകുന്ന സഭാ സമൂഹത്തെ ആക്രമിക്കാൻ തുനിഞ്ഞിരുന്നു. പരിശുദ്ധ അമ്മയുടെ വലിയ ഭക്തനായ വിശുദ്ധൻ രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ പരിശുദ്ധ 'അമ്മ മാലാഖമാരോടൊപ്പം വന്ന് ദിവ്യകാരുണ്യ നൽകിയതായി സുഹൃത്തിനോട് വിശുദ്ധൻ പങ്കുവെച്ചിട്ടുണ്ട്. പിതാവ് ഒരു പ്രഭു ആയതിനാൽ തന്നെ മകനെ ആത്മീയ കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒത്തിരിയേറെ ലോക കാര്യങ്ങൾ ഒരുക്കി കൊടുത്തിരുന്നു. അതുകൊണ്ടുതന്നെയാണ് പിതാവിന്റെ ഭവനത്തിൽ നിന്നും ഏകദേശം 350 മൈലുകൾ അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതായി വന്നത്. ഏകദേശം 9 മാസങ്ങൾ മാത്രമാണ് ആ സമൂഹത്തിൽ അദ്ദേഹത്തിന് ജീവിക്കാൻ കഴിഞ്ഞത്. 1668 -ലെ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ ദിനത്തിന്റെ തലേന്നാൾ അമ്മ സ്വർഗത്തിൽ തന്നോടൊപ്പം ഈ തിരുനാളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി വിശുദ്ധന് വെളിപ്പെട്ടു. അങ്ങനെ സ്വർഗ്ഗാരോപണ ദിനം അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം തന്റെ സുഹൃത്തുക്കളെ ഓർമിപ്പിച്ചിരുന്ന കാര്യങ്ങൾ മനോഹരമാണ്. വിശുദ്ധ സക്രാരിയിൽ വസിക്കുന്ന ഈശോയെ സന്ദർശിക്കുക, വിശുദ്ധ കുർബാന സ്വീകരണത്തിനായി ശ്രദ്ധാപൂർവ്വം ഒരുങ്ങുക, പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുക.
ദിവ്യകാരുണ്യത്തിന്റെ കൊച്ചു വിശുദ്ധ ലിറ്റിൽ ലീ
Read more..
ബിഷപ്പ് ഫുൾട്ടൻ ജെ ഷീനോട് അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു, താങ്കൾ ഒത്തിരി പേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. റേഡിയോ പ്രഘോഷണങ്ങൾ കേട്ട് നിരവധി പേർ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. താങ്കളെ ഏറ്റവും പ്രചോദിപ്പിച്ച വ്യക്തി ആരാണ്? അതിന് അദ്ദേഹം മറുപടിയായി പറഞ്ഞത്, ഒരു പെൺകുട്ടിയുടെ പേരാണ്, ലിറ്റിൽ ലീ. 1950 -തിന്റെ ആരംഭത്തിൽ ചൈനയിൽ ജീവിച്ചിരുന്ന കൊച്ചു വിശുദ്ധ. ദേവാലയങ്ങളും പ്രാർത്ഥനാ മന്ദിരങ്ങളും എല്ലാം ചൈനീസ് പട്ടാളം നശിപ്പിച്ചുകൊണ്ടിരുന്ന കാലഘട്ടം. ആ നാളുകളിലാണ് ലിറ്റിൽ ലീ ഒരിക്കൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ ക്ലാസ് മുറിയിലേക്ക് പട്ടാളം കയറി വരുകയും നിരവധി തിരു സ്വരൂപങ്ങളും, അവരുടെ കയ്യിലുള്ള എല്ലാ വിശുദ്ധ വസ്തുക്കളും അവർ പിടിച്ചെടുക്കുകയും, നശിപ്പിക്കുകയും ചെയ്തു. എന്നാൽ തന്റെ ആദ്യകുർബാന സ്വീകരണത്തിൽ ലഭിച്ച നല്ല ഇടയന്റെ രൂപം അവൾ മറച്ചുവച്ചു. ഒരിക്കൽ അവരുടെ ഗ്രാമത്തിലെ ദേവാലയത്തിൽ ബലിയർപ്പിക്കുമ്പോൾ പട്ടാളക്കാർ കടന്നു വരികയും, ദേവാലയം നശിപ്പിച്ച വാഴ്ത്തപ്പെട്ട ദിവ്യകാരുണ്യം ചിതറിച്ചു കളഞ്ഞു. വൈദികനെ തടവിലാക്കി, ഏകദേശം മുപ്പതോളം തിരുവോസ്തികൾ അവിടെ ചിതറി തെറിച്ചിരുന്നു. ആ കുഞ്ഞിന്റെ ഹൃദയം ഒത്തിരി വേദനിച്ചു. ആ ദേവാലയത്തിന്റെ വികാരിയെ പള്ളിയോട് ചേർന്നുള്ള ഒരു മുറിയിലാണ് അടച്ചിരുന്നത്. താഴ്ന്ന സ്വരത്തിലുള്ള പ്രാർത്ഥന കേട്ട് അദ്ദേഹം ദേവാലയത്തിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ ചിതറി കിടക്കുന്ന ദിവ്യകാരുണ്യത്തിന് അരികിൽ നിന്ന് നിശബ്ദയായി പ്രാർത്ഥിക്കുന്ന ലിറ്റിൽ ലീയെയാണ് കണ്ടത്. പട്ടാളക്കാർ ആരും കാണാതിരിക്കാൻ ആ വൈദികൻ ഹൃദയത്തിൽ പ്രാർത്ഥിച്ചു. ആദ്യ കുർബാന സ്വീകരണ സമയത്തു സിസ്റ്റർ പഠിപ്പിച്ചതുപോലെ ഏതാനും മണിക്കൂറുകൾ പ്രാർത്ഥിച്ച അവൾ ദിവ്യകാരുണ്യം സ്വീകരിച്ചു. അങ്ങനെ എല്ലാ ദിവസവും ഈയൊരു സംഭവം തുടർന്നു. അവസാനത്തെ ദിവ്യകാരുണ്യം ലിറ്റിൽ ലീ സ്വീകരിച്ചു കഴിഞ്ഞപ്പോൾ ഈ ഒരു കാര്യം പട്ടാളക്കാരുടെ ശ്രദ്ധയിൽപ്പെടുകയും, അവൾ വെടിയേറ്റ് രക്തസാക്ഷി ആവുകയും ചെയ്തു. ദിവ്യകാരുണ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ഈ കൊച്ചു വിശുദ്ധയുടെ മാതൃക നമ്മളെയും പ്രചോദിപ്പിക്കട്ടെ.
ദിവ്യകാരുണ്യ ഭക്തനായ കുഞ്ഞു വിശുദ്ധൻ
Read more..
2010 ബുധനാഴ്ച ആഗസ്റ്റ് 4 -ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അൾത്താര ബാലന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ അദ്ദേഹം പരിചയപ്പെടുത്തിയ ദിവ്യകാരുണ്യ ഭക്തനാണ് AD 366 -384 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിശുദ്ധ തർസിസിയൂസ്. തർസിസിയൂസ് യൗവന കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്ന നാളുകളിൽ തന്നെ നിര്യാതനായി. ആദ്യത്തെ നാല് നൂറ്റാണ്ടുകൾ സഭയെ സംബന്ധിച്ചിടത്തോളം വളരെയേറെ മത മർദ്ധനങ്ങളുടെ കാലമായിരുന്നു. വലേറിയൻ റോമൻ ചക്രവർത്തി ആയിരിക്കുമ്പോഴാണ് വിശുദ്ധ തർസിസിയൂസ് ജീവിച്ചിരുന്നത്. ആ നാളുകളിൽ, ബലിയർപ്പണങ്ങൾ എല്ലാം വളരെ രഹസ്യാത്മകമായിരുന്നു. പൊതുവായി അർപ്പിക്കാൻ സാധിക്കാത്തതിനാൽ രഹസ്യ സങ്കേതങ്ങളിലാണ് ബലിയർപ്പിച്ചിരുന്നത്. ഒരിക്കൽ അങ്ങനെ ഒരു രഹസ്യ സങ്കേതത്തിൽ ബലിയർപ്പിക്കുമ്പോൾ ബിഷപ്പും സന്നിഹിതനായിരുന്നു. ബലിയർപ്പണം ആരംഭിക്കുന്നതിന് മുൻപേ ഒരു കത്ത് ലഭിച്ചു. ജയിലിൽ കഴിയുന്ന ക്രൈസ്തവർക്ക് വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ജയിലറകളിൽ കഴിയുന്നവർ വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അത്യന്തം അപകടകരമായ ആ കർത്തവ്യം ഏറ്റെടുക്കാൻ വിശുദ്ധ തർസിസിയൂസ് തയ്യാറായി. ദിവ്യകാരുണ്യം വിശുദ്ധ വസ്തുക്കൾ പൊതിഞ്ഞ് ബിഷപ്പ് വിശുദ്ധനെ ഏൽപ്പിച്ചു. നെഞ്ചോട് ചേർത്ത് ദിവ്യകാരുണ്യ നാഥനെ ആരാധിച്ചുകൊണ്ട് ബാലൻ ജയിലറുകളിലേക്ക് നടന്നു. ഈ യാത്രയിൽ അവന്റെ സുഹൃത്തുക്കൾ അവനെ കാണുകയും കളിക്കാനായി ക്ഷണിക്കുകയും ചെയ്തു. അന്യമതസ്ഥരായ അവർ, നിശബ്ദനായി ഭയഭക്തി ആദരങ്ങളോടെ പോകുന്ന കുഞ്ഞു തർസിസിയൂസിനെ കാണുകയും കാരണങ്ങൾ അന്വേഷിച്ചെങ്കിലും നിശബ്ദത പാലിക്കേണ്ടിയിരുന്നതിനാൽ അവൻ പ്രതികരിച്ചില്ല. അവന്റെ ഹൃദയത്തോട് അടക്കിപ്പിടിച്ചിരുന്ന വസ്ത്രത്തിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ കരങ്ങൾ മാറ്റാൻ ശ്രമിച്ചു പരാജയപ്പെട്ട അവർ അവനെ ക്രൂരമായി മർദ്ദനങ്ങൾ ഏൽപ്പിച്ചു. ഒരു പട്ടാളക്കാരൻ അതിലെ വരികയും ക്രൈസ്തവനായ അദ്ദേഹം ഈ സംഭവങ്ങൾ കണ്ട് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു. ദിവ്യകാരുണ്യം ആ വ്യക്തിയെ ഏൽപ്പിച്ചു വിശുദ്ധ തർസിസിയൂസ് തന്റെ ദിവ്യകാരുണ്യ നാഥന്റെ അരികിലേക്ക് മടങ്ങി.
ദിവ്യകാരുണ്യത്തിന്റെ കൊച്ചു വിശുദ്ധർ
Read more..
ദിവ്യകാരുണ്യത്തിന്റെ ഒരു കൊച്ചു വിശുദ്ധയാണ് വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി.1322 - ൽ ഇറ്റലിയിലെ ബൊളോഞ്ഞായിൽ വിശുദ്ധ ഭൂജാതയായി. പതിനഞ്ചാം വയസ്സിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്ന ഒരു പാരമ്പര്യമാണ് ആ നാളുകളിൽ ഉണ്ടായിരുന്നത്. ദിവ്യകാരുണ്യത്തിനായി അഞ്ചാം വയസ്സിൽ തന്നെ ഒരുങ്ങുമായിരുന്നു, വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി. ആ മിടുക്കിയുടെ വിശുദ്ധി കണ്ട ഡൊമിനിക്കൻ സിസ്റ്റേഴ്സ് അവരുടെ കൂട്ടത്തിൽ അവളെ ചേർക്കുകയും, വളരെ ചെറുപ്പത്തിൽ തന്നെ സഭാവസ്ത്രം ധരിക്കാൻ അനുവദിക്കുകയും ചെയ്തു. കൊച്ചുടുപ്പും ധരിച്ച് കന്യാസ്ത്രീമാരുടെ ഒപ്പം ബലിയർപ്പണത്തിൽ പങ്കെടുക്കുന്ന കൊച്ചു വിശുദ്ധയെ കാണുന്നത് വലിയൊരു അത്ഭുതം തന്നെയായിരുന്നു. അവൾ ദിവ്യകാരുണ്യം സ്വീകരിക്കാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു; എന്നാൽ അനുവദിക്കപ്പെട്ടില്ല. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുന്നാളിനോടുനനുബന്ധിച്ചുള്ള വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോൾ ഈശോയെ സ്വീകരിക്കാൻ ഒത്തിരി പ്രാർഥനയോടെ അവൾ കാത്തിരുന്നു. അവളുടെ ഹിതമറിഞ്ഞ വിധം വൈദികൻ തിരുവോസ്തി വിതരണം ചെയ്യുമ്പോൾ ഒരു തിരുവോസ്തി അവളുടെ ശിരസ്സിന് മുകളിൽ വന്ന് നിശ്ചലമായി നിന്നു. ദൈവഹിതം തിരിച്ചറിഞ്ഞ വൈദികൻ ആ തിരുവോസ്തി അവൾക്ക് നൽകുകയും ചെയ്തു. തുടർന്ന്, ദേവാലയത്തിൽ തന്നെ വളരെ നേരം പ്രാർഥനയിൽ ചെലവഴിച്ച വിശുദ്ധയെ അന്വേഷിച്ചു വന്ന സിസ്റ്റർമാർ അടുത്ത് വന്നു വിളിച്ചപ്പോൾ ആ ശരീരം മരവിച്ചതായി കണ്ടു. കൊച്ചു വിശുദ്ധ, ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. അവൾ പറയുമായിരുന്നു, ഈശോയെ സ്വീകരിച്ചാൽ നാം ജീവിച്ചിരിക്കുമോ?