സന്തോഷ് ഏച്ചിക്കാനം
Read more..
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക് പതിപ്പ്, 20 ഭാഷകളിൽ നിന്ന്, 10 കഥകളും 10 കവിതകളും വീതം ഉൾപ്പെടുത്തിയാണ്, ഫെബ്രുവരി 02, 2025 -ൽ ഇറങ്ങിയത്. ആഴ്ചപ്പതിപ്പിൽ കേരളത്തിൽനിന്ന് രേഖപ്പെടുത്തിയ കഥ സന്തോഷ് എച്ചിക്കാനത്തിന്റെ, 'പ്രേതോച്ഛാടനം' എന്ന കൃതിയായിരുന്നു. ഈ ഒരു കൃതി അത്ഭുതമായി മാറിയത്; ഈ നാളുകളിൽ വിശുദ്ധ ബലിയർപ്പണത്തെക്കുറിച്ചു വായിച്ച എറ്റവും മനോഹരമായ വരികൾ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഈ കൃതിയിലാണ് വായിച്ചത്.
വിശുദ്ധ കുമ്പസാരം നടത്തി എഴുന്നേൽക്കുന്ന വൈദികന്റെ ഒരു ഗദ്ഗതമായിട്ടാണ് കഥാകാരൻ ഈ ഒരു ഭാഗം രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം ഇങ്ങനെ കുറിച്ചു, പാപങ്ങൾ എത്ര വലുതാണെങ്കിലും, ആ രഹസ്യങ്ങൾ എന്തൊക്കെയാണെങ്കിലും അതിനെല്ലാം തന്നെ വിശുദ്ധ കുർബാനയിൽ വിളമ്പുന്ന തിരുവോസ്തിയേക്കാൾ കനം കുറവായിരുന്നു. ഇത് വ്യഖ്യാനിച്ചു ഭംഗി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ പ്രിയ വായനക്കാരുടെ ധ്യാനത്തിലേക്കു നൽകുന്നു.
മംഗലപ്പുഴ സെമിനാരിയുടെ ശതാബ്ദി ഒരുക്ക പുസ്തക പരമ്പരയുടെ രണ്ടാമത്തെ രചനയാണ്, ‘പരിശുദ്ധ കുർബാന കരുണയും കരുതലും' എന്ന ഗ്രന്ഥം
Read more..
മംഗലപ്പുഴ സെമിനാരിയുടെ ശതാബ്ദി ഒരുക്ക പുസ്തക പരമ്പരയുടെ രണ്ടാമത്തെ രചനയാണ്, ‘പരിശുദ്ധ കുർബാന കരുണയും കരുതലും' എന്ന ഗ്രന്ഥം. ബഹുമാനപ്പെട്ട ഡോ. അഗസ്റ്റിൻ ചേന്നാട്ട് എഡിറ്റർ ആയിരിക്കുന്ന ഈ പുസ്തക രചനയിൽ ഇരുപത്തിയൊന്ന് വ്യക്തികളാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. എല്ലാ ലേഖനങ്ങളും വിശുദ്ധ കുർബാനയുടെ വിവിധ തലങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്; ദൈവശാസ്ത്രവും, ആത്മീയ ശാസ്ത്രവും, ബൈബിൾ പഠനങ്ങളും, സഭാപിതാക്കൻമാരുടെ രചനകളും, സഭയുടെ ഔദ്യോഗിക ദിവ്യകാരുണ്യ പഠനങ്ങളും, സാമൂഹിക തലങ്ങളും ഉൾച്ചേർന്നിട്ടുള്ള ഒരു പുസ്തകമാണ് പരിശുദ്ധ കുർബാന;കരുണയും കരുതലും.
ഒന്നാമത്തെ ലേഖനം എഴുതിയിരിക്കുന്നത് ഡോ. ലൂക്ക്. അദ്ദേഹം, ആ ലേഖനത്തിൽ കുറിക്കുന്നത്; ഇസഹാക്കും, അബ്രാഹവും എങ്ങനെയാണ് വിശുദ്ധ കുർബാനയുടെ പ്രതീകങ്ങളായിട്ട് മാറുന്നത്, മലമുകളിൽ കാണപ്പെട്ട മുള്ളിനിടയിൽ കുടുങ്ങിക്കിടക്കുന്ന കുഞ്ഞാട് വിശുദ്ധ കുർബാനയുടെ കുരിശിൽ ബലിയായ ഈശോയുടെ പ്രതീകമായി മാറുന്നതെങ്ങെനെയാണെന്ന് അദ്ദേഹത്തിന്റെ ലേഖനത്തിൽ രചിച്ചു വച്ചിരിക്കുന്നു. രണ്ടാമത്തെ ലേഖനമെഴുതിയിരിക്കുന്നത് ഡോ. ജോഷി മയ്യാറ്റിൽ, തലക്കെട്ട്, ‘കർത്താവിൻ്റെ രുചി സങ്കീർത്തനങ്ങളിൽ’ ഈ ലേഖന രചനയിൽ ബഹുമാനപ്പെട്ട ജോഷി മയ്യാറ്റിൻ അച്ചൻ വിവിധ സങ്കീർത്തനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ആ സങ്കീർത്തനങ്ങൾ എങ്ങനെ വിശുദ്ധ ബലിയർപ്പണവുമായി ബന്ധപ്പെട്ടിരിക്കുന്നു, സങ്കീർത്തനങ്ങളിൽ ഉള്ള ഭക്ഷണ മേശകൾ എങ്ങനെ ബലിപീഠവുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്നതിനെയൊക്കെ ആസ്പദമാക്കി രചിക്കപ്പെട്ട വ്യത്യസ്തമായിട്ടുള്ള ഒരു ലേഖനമാണ് കർത്താവിൻ്റെ രുചി സങ്കീർത്തനങ്ങളിൽ; ഇതിനായിട്ട് അദ്ദേഹം പരിചയപ്പെടുത്തുന്നത് സങ്കീർത്തനങ്ങൾ 22, 116, 14, 81, 23 ആണ്. അങ്ങനെ, സങ്കീർത്തനങ്ങളിലൂടെ വിശുദ്ധ കുർബാനയുടെ ഒരു നിഴൽ ഈ സങ്കീർത്തനങ്ങൾ കാണാം. ഭക്ഷണ മേശകൾ എങ്ങനെ വിശുദ്ധ കുർബാനയുടെ തലത്തിലേക്ക് നയിക്കുന്നുവെന്നത് ലേഖന രചനയിൽ വിശദീകരിച്ചിട്ടുണ്ട്.
മൂന്നാമത്തെ ലേഖനം, സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം: പ്രതീകവും യാഥാർത്ഥ്യവും ഡോ. ജോസഫ് നാൽപതിൽ ചിറയച്ചനാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഈ ലേഖന രചനയിലെ അദ്ദേഹം ശ്രമിക്കുന്നത് യോഹന്നാൻ്റെ സുവിശേഷം ആറാം അധ്യായത്തെ വിവരിക്കാനാണ്. വിശുദ്ധ കുർബാനയെയും, കുർബാനയിലുള്ള ഈശോയുടെ സജീവസാന്നിധ്യത്തെയും ബന്ധിപ്പിക്കുന്ന സ്വർണ നൂലായിട്ടാണ് ഈ സുവിശേഷ ഭാഗത്തെ വിശേഷിപ്പിക്കുന്നത്. വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രമാണ് ഈ അധ്യായത്തിലൂടെ വിശുദ്ധ യോഹന്നാൻ വിവരിക്കുന്നത്. അങ്ങനെ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം മനോഹരമായി വിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ഒരു ലേഖന ഭാഗമാണ് സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം: പ്രതീകവും യാഥാർത്ഥ്യവും. നാലാമത്തെ ലേഖനം, പാദക്ഷാളനം; വിരുന്നു മേശയിലെ പരിപൂർണ്ണ സ്നേഹം. ഡോ. ബിൻസി മാത്യു എസ് എച്ച്. തയ്യാറാക്കിയ ലേഖനമാണിത്. ഈ ലേഖനത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത്, യോഹന്നാന്റെ സുവിശേഷത്തിലെ പതിമൂന്നാം അധ്യായമാണ്. എങ്ങനെയാണ് കാൽകഴുകൽ ശുശ്രൂഷ വിശുദ്ധ കുർബാനയുടെ ചൈതന്യമായി മാറുന്നത് എന്നതിനെക്കുറിച്ച് വളരെ വിശദമായിട്ടുള്ള ലേഖനമാണിത്. പാദക്ഷാളനം വി.കുർബാനയുടെ പ്രതീകമായി കാണാനായിട്ട് സാധ്യമല്ലെങ്കിലും , വിശുദ്ധ കുർബാനയും പാദ ക്ഷാളനവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്ന് സിസ്റ്റർ ഈ ലേഖനത്തില് രേഖപ്പെടുത്തുന്നു. ഏഴ് വിവിധങ്ങളായ ആശയങ്ങളിലുടെയാണ് ലേഖനകർത്താവ് ഈ കാര്യം സമർത്ഥിക്കുന്നത്.
അഞ്ചാമത്തെ ലേഖനം പൗലോസ് ശ്ലീഹായുടെ ദിവ്യകാരുണ്യ ദർശനം; തയ്യാറാക്കിയിരിക്കുന്നത്, ഡോ. ജോസഫ് മലേപറമ്പിലാണ്. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ ആസ്പദമാക്കി പ്രത്യേകിച്ച്, പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്ക്കെഴുതിയ ഒന്നാം ലേഖനത്തെ ആസ്പദമാക്കിയാണ് ഈ ലേഖനം രചിക്കപ്പെട്ടിരിക്കുന്നത്. പൗലോസ് ശ്ലീഹായുടെ വിശുദ്ധ കുർബാന ദർശനങ്ങൾ വ്യക്തമായി അപഗ്രഥിക്കാൻ ഈ ലേഖനം നമ്മളെ സഹായിക്കും. ആറാമത്തെ ലേഖനം തയ്യാറാക്കിയിരിക്കുന്നത് പരിശുദ്ധ കുർബാനയെന്ന : പൗരസ്ത്യ സഭാ പിതാക്കന്മാരുടെ ദർശനങ്ങളിൽ. ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത് ഡോ. ആൻ്റണി തട്ടാശ്ശേരിയച്ചനാണ്. പൗരസ്ത്യ സുറിയാനി സഭാ പിതാക്കന്മാരായ മാർ അഫ്രഹാത്ത്, മാർ അപ്രേം എന്നിവരുടെ വിശുദ്ധ കുർബാന ദർശനങ്ങളാണ് ഈ ലേഖനത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പഴയനിയമ ഗ്രന്ഥത്തിലെ പ്രത്യേകിച്ച് ജീവൻ്റെ വൃക്ഷവും, ഫലവും, ഏദൻ തോട്ടവുമെല്ലാം പി. കുർബ്ബാന ദർശനങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ചിട്ടുണ്ട്. മാമ്മോദീസയും വി. ബലിയർപ്പണവും എത്രമാത്രം ബന്ധപ്പെട്ടു നിൽക്കുന്നുവെന്നും കർത്താവിൻ്റെ വിലാപ്പുറം എങ്ങനെ സഭയുടെ ആരംഭവും പ്രവേശന കൂദാശകളുടെ ഉത്ഭവസ്ഥാനവുമായി മാറുന്നുമെന്ന് മനോഹരമായി പൗരസ്ത്യ പിതാക്കൻമാരുടെ കാഴ്ചപ്പാടിലൂടെ ലേഖനകർത്താവതരിപ്പിക്കുന്നു. ഏഴാമത്തെ ലേഖനം, വിശുദ്ധ കുർബാന: ഗ്രീക്ക്- ലാറ്റിൻ സഭാ പിതാക്കന്മാരുടെ വീക്ഷണത്തിൽ. ഡോ. ബിനു മാത്യു കുളത്തിങ്കലാണ് ലേഖന രചിയിതാവ്. ഈ ലേഖനത്തിൽ സിഡാക്കേ മുതൽ പി. ഇരണേവൂസ്, ജസ്റ്റിൻ, ക്രിസോസ്തോം, ഒറിജിൻ, വിശുദ്ധ ഇഗ്നീഷ്യ സ്, ജെറുസലേമിലെ വിശുദ്ധ സിറിൽ അങ്ങനെ ആദിമ ഗ്രീക്ക് ലാറ്റിൻ സഭാ പിതാക്കന്മാർ എങ്ങനെയാണ് വിശുദ്ധ കുർബാനയെ കണ്ടത് എന്ന വ്യക്തമാക്കുന്ന ലേഖനമാണിത്.
എട്ടാമത്തെ ലേഖനം വിശുദ്ധ കുർബാന കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ; ഡോ. സിൻ്റോ ചിറ്റിലപ്പള്ളിയാണ് ഈ ലേഖനത്തിന്റെ രചയിതാവ്. ഈ ലേഖനം വായിക്കുമ്പോഴും പഠിക്കുമ്പോഴും രണ്ടാം വത്തിക്കാൻ കൗൺസിലൻ്റെയും, അതുപോലെതന്നെ മതബോധന ഗ്രന്ഥത്തിന്റെയും വെളിച്ചത്തിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ദർശനങ്ങൾ മുഴുവൻ ക്രോഡീകരിച്ചുകൊണ്ട് അദ്ദേഹം ഈ ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്. സഭയുടെ പഠനങ്ങളെക്കുറിച്ച് വ്യക്തവും കൃത്യമായി മനസ്സിലാക്കാൻ പ്രത്യേകിച്ച് സഭയുടെ മതബോധന ഗ്രന്ഥത്തിൻ്റെ വെളിച്ചത്തിൽ ഈ ലേഖനം നമ്മളെ സഹായിക്കുന്നു. ഒമ്പതാമത്തെ ലേഖനം തയ്യാറാക്കിയിരിക്കുന്നത് ഡോ. ജിജോ നെല്ലിക്കാക്കണ്ടത്തിലാണ്; അദ്ദേഹം എഴുതിയിരിക്കുന്നത്, സീറോ മലബാർ സഭയുടെ കുർബാനയും ദൈവശാസ്ത്ര ആഭിമുഖ്യങ്ങളും; എന്ന ലേഖനമാണ്. സിറോമലബാർ കുർബാനയുടെ വിവിധ ഘടകങ്ങകുറിച്ചുള്ള വിവരണങ്ങൾ ഇതിൽ നിന്ന് വ്യക്തമായിട്ട് മനസ്സിലാക്കാനായിട്ട് സാധിക്കും. ഓരോ ഭാഗങ്ങളും കൃത്യമായി, വിവരിച്ച്, ആശയങ്ങളും, പ്രതീകങ്ങളും പരിചയപ്പെടുത്തി അദ്ദേഹം വിവരിച്ചിട്ടുണ്ട്. ആമുഖശുശ്രൂഷയിലെ പുഖ്ദാകോനിൽ ആരംഭിച്ച്, സമാപന ശുശ്രൂഷയിൽ അവസാനിക്കുന്ന; വിടവാങ്ങൽ പ്രാർത്ഥനയോടെ അവസാനിക്കുന്ന തരത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയെക്കുറിച്ച് വ്യക്തമായിട്ട് മനസ്സിലാക്കാൻ ഈ ലേഖനം നന്മെ സഹായിക്കും. തുടർന്നുവരുന്ന രണ്ട് ലേഖനങ്ങളും രണ്ട് ദൈവശാസ്ത്ര ചിന്തകന്മാരെ ; ഒന്നാമത്തെ ലേഖന കർത്താവ് ഡോ. കുര്യൻ മുക്കാം കുഴിയിൽ ഷാൻ ലൂക്ക് മരിയോണിയുടെ വിശുമ്പകുർബാന ദർശനങ്ങളെ അപഗ്രഥിച്ച് ലേഖനം തയ്യാറാക്കുമ്പോൾ; ഡോ. ജോസ് കുളത്തൂർ ലൂയി മാരി ഷവെയുടെ കുർബ്ബാന ദർശനങ്ങൾ പരിചയപ്പെടുത്തുന്നു. തുടർന്ന് വരുന്നത് ഡോക്ടർ സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ രചിച്ച വിശുദ്ധ കുർബാന കൂദാശകളുടെ കൂദാശ: ഒരു പഠനം എന്ന ലേഖനമാണ്. വിശുദ്ധ കുർബാനയെ കൂദാശകളുടെ കൂദാശയായി എന്തുകൊണ്ട് കാണുന്നു എന്നതിനെക്കുറിച്ച് വളരെ ദീർഘമായിട്ടുള്ള ലേഖനമാണിത്; കൂദാശകളെക്കുറിച്ചും, കൂദാശയായ വി.കുർബ്ബാനയെക്കുറിച്ചുമുള്ള സമഗ്രമായ ഒരു പഠനമാണിത്.
അടുത്ത ലേഖനം സാമൂഹികമായ കാഴ്ചപ്പാടിന്റെ പിൻബലത്തിൽ രചിക്കപ്പെട്ട ലേഖനമാണ്. രചയിതാവ് ഡോ. തോമസ് കടുകപ്പിള്ളിലാണ്. കുടിയേറ്റത്തിന്റെ തത്ത്വശാസ്ത്രവും, ദൈവശാസ്ത്രവും വിശുദ്ധ കുർബാനയുടെ നിഴലിൽ; പുറപ്പാടിന്റെ ശാസ്ത്രവും ദൈവശാസ്ത്രവും വിവരിച്ചുകൊണ്ട് അദ്ദേഹം ഈ രചന മനോഹരമായിട്ട് നിർവഹിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഈ കാലയളവിലുള്ള കുടിയേറ്റങ്ങളെ ബന്ധപ്പെടുത്തി രചന പൂർത്തിയാക്കാൻ ലേഖന കർത്താവിന് കഴിഞ്ഞിട്ടുണ്ട്. പൗരോഹിത്യ ജീവിതത്തിൽ വിശുദ്ധ ബലിയർപ്പണത്തിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തിയുള്ള ലേഖനമാണ് അടുത്തത്; വിശുദ്ധ കുർബാനയും ക്രിസ്തീയ പൗരോഹിത്യവും, ഡോ. ജോസ് ഓലിയപുറത്തച്ചനാണ് രചയിതാവ്. വിശുദ്ധ പുരോഹിതൻ ആരാണ് ദിവ്യകാരുണ്യവും പൗരോഹിത്യം തമ്മിലുള്ള ബന്ധം എന്താണ് എന്നൊക്കെ മനോഹരമായിട്ട് വിവരിക്കുന്ന ലേഖനമാണിത്. വിരുന്നും ബലിയുമായ പരിശുദ്ധ കുർബ്ബാനയെന്നതിനെ ആസ്പദമാക്കി ഫാ. തോമസ് വട്ടമല രചിച്ച ലേഖനമാണ് തുടർന്നു വരുന്നത്. വിശുദ്ധ ബലിയർപ്പണം എങ്ങനെ ഒരു വിരുന്ന് ആകുന്നു; എങ്ങനെ ഒരു ബലിയായി മാറുന്നു; പഴയ നിയമവും പുതിയ നിയമ വിരുന്നുകളും ഉദ്ധരിച്ചുകൊണ്ടാണ് ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്. തുടർന്നവരുന്ന ലേഖനം; പരിശുസ കുർബ്ബാന സഭാപ്രബോധനങ്ങളിൽ; ഡോ. ജോസഫ് മരുതുകുന്നേൽ സഭാ പ്രബോധനങ്ങളെക്കുറിച്ച് ആധികാരികമായി പഠിച്ച് തയ്യാറാക്കിയ ലേഖനമാണിത്. വത്തിക്കാൻ കൗൺസിൽ പ്രബോധന രേഖകളും, പരിശുദ്ധ പിതാക്കൻമാരുടെ ചാക്രികലേഖനങ്ങളും, അപ്പസ്തോലിക പ്രബോധനങ്ങളും ഈ ലേഖനരചനയിൽ രചയിതാവ് ഉൾപ്പെടുത്തിയിരിക്കുന്നു. തുടർന്നു വരുന്ന ലേഖനം ‘ഞാനും അങ്ങയെ സ്നേഹിക്കുന്നു’ ഡോ. അഗസ്റ്റിൽ കല്ലേലി കുടുംബജീവിതവുമായി വി.കുർബ്ബാനയുടെ ബന്ധം പഠിച്ച് തയ്യാറാക്കിയ ലേഖനമാണ്.
തുടർന്നു വരുന്ന ലേഖനം തയ്യാറാക്കിയത്, ഡോ. ജോൺ പോൾ പറപ്പള്ളിയാത്താണ്. പരിശുദ്ധ അമ്മയും ബലിയർപ്പണവും എന്ന വിഷയത്തെ അധികരിച്ചാണദ്ദേഹം തൻ്റെ ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സഭയും, പി. കുർബ്ബാനയും എന്ന ചാക്രികലേഖനമാണ് അദ്ദേഹം കൂടുതലായി തൻ്റെ ലേഖന രചനയാക്കിയ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, കെപി അപ്പൻ്റെ മധുരം നിന്റെ ജീവിതം എന്ന ലേഖനവും ഉപയോഗിച്ചിട്ടുണ്ട്. വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഈ ലേഖനം നമ്മളെ സഹായിക്കുന്നു. വിശുദ്ധ കുർബാനയും സാമൂഹിക പ്രതിബദ്ധതയും; ലേഖനത്തിൻ്റെ രചയിതാവ് ഡോ. ജോസഫ് കൊച്ചുപറമ്പിലാണ്. ബലിയർപ്പണം നമ്മുടെ ദേവാലയത്തിൽ അവസാനിക്കരുതെന്നും മറിച്ച് വിശുദ്ധ കുർബാന സാമൂഹ്യ പ്രതിബദ്ധതയുള്ളവരായിട്ട് നമ്മളെ വളർത്തണമെന്നും പഠിപ്പിക്കുന്ന മനോഹരമായ ലേഖനമാണിത്. ഈ ഗ്രന്ഥത്തിലെ ഇരുപതാമത്തെ ലേഖനമാണ് ഡോ. സിജു കൊമ്പൻ എഴുതിയ അർപ്പിച്ചു തീരാത്ത ദിവ്യബലി; വിശുദ്ധരുടെ വിശുസ ബലിയർപ്പണങ്ങളും, അവരുടെ ദിവ്യകാരുണ്യ സ്നേഹവും വ്യക്തമാക്കാൻ ശ്രമിക്കുന്നു; ഒത്തിരി വിശുദ്ധരെ പരിചയപ്പെടുത്തുന്നതിനു പകരം വി. മദർ തെരെസയുടെ ദിവ്യകാരുണ്യ ഭക്തിയും, ദിവ്യകാരുണ്യ ആരാധനകളും സംബന്ധിച്ച് ഈ ലേഖനം പഠിപ്പിക്കുന്നു. അവസാനമായി, ഡോ. അഗസ്റ്റിൻ ചേന്നാട്ട് ദിവ്യകാരുണ്യ അത്ഭുതം: ഒരു അവലോകനം എന്ന ലേഖനത്തിലൂടെ ദിവ്യകാരുണ്ണ്യ അത് ഭുതങ്ങളെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം വയ്ക്കുന്നത്. സഭയുടെ ഔദ്യോഗികമായ കാഴ്ചപ്പാട് എന്താണെന്നു പരിചയപ്പെടുത്തി പ്രധാന ദിവ്യകാരുണ്യ അത്ഭുതങ്ങളെ വിചിന്തനം ചെയ്തുള്ള ലേഖനം.
വിശുദ്ധ കുർബാനയെക്കുറിച്ച് ഈ നാളുകളിൽ എഴുതപ്പെട്ട ഏറ്റവും പുതിയ ലേഖന സമാഹരമാണ് പരിശുദ്ധ കുർബാന കരുണയും കരുതലും; ഇതിൻ്റെ പ്രസാധകർ എസ്.എച്ച്. ലീഗാണ്; ഇറങ്ങിയ വർഷം 2023 ആണ്. ഇതിൻ്റെ വില 250 രൂപയാണ്; 331 താളുകളിലായി വ്യത്യസ്ത ആശയങ്ങൾ അവതരിപ്പിക്കുന്ന ലേഖന സമാഹാരത്തിന് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവ് ആശംസകൾ നേരുകയും; അവതാരിക ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിലച്ചനാണ് എഴുതിയിരിക്കുന്നത്.
സ്വന്തം ലേഖകൻ
2003 ഏപ്രിൽ 17 -ന് പെസഹാ വ്യാഴാഴ്ചയാണ് ഇത് രചിക്കപ്പെട്ടത്
Read more..
വിശുദ്ധ കുർബാനയെക്കുറിച്ച് മനോഹരമായ രചിക്കപ്പെട്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും. 2003 ഏപ്രിൽ 17 -ന് പെസഹാ വ്യാഴാഴ്ചയാണ് ഇത് രചിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ലേഖനത്തിൽ വിശുദ്ധ കുർബാനയുടെ ശക്തിയെ സഭയ്ക്ക് പരിചയപ്പെടുത്താനുള്ള ശക്തമായ, നിരന്തമാരായ ഒരു അഭിനിവേശമാണ് ഇതിന്റെ രചനയുടെ പിന്നിൽ എന്ന് വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിലൂടെയുള്ള സഭയുടെ പ്രയാണത്തിൽ അവൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വിലയേറിയ സ്വത്താണ്, വിശ്വാസികളുടെ സമൂഹത്തിലെ ക്രിസ്തുവിന്റെ സാന്നിധ്യവും, ആത്മീയ ഭക്ഷണവുമായ വിശുദ്ധ കുർബാന. ഈയൊരു അനുഭവം സ്വായത്തമാക്കിയ പരിശുദ്ധ പിതാവ് അത് തിരു സഭക്ക് മുഴുവനായി തന്റെ ചാക്രിക ലേഖനത്തിലൂടെ നൽകുകയാണ്. ഇത് ആത്മീയവും, ദൈവശാസ്ത്രപരവും, വ്യക്തിപരവും, ധ്യാനാത്മകവും, പ്രചോദനാത്മകവുമാണ്.
ആറ് അധ്യായങ്ങളിലൂടെയാണ്, വിശുദ്ധ കുർബാന സഭയുമായി ബന്ധപ്പെടുത്തി അദ്ദേഹം അവതരിപ്പിക്കുന്നത്. വിശ്വാസത്തിന്റെ രഹസ്യമാണ് വിശുദ്ധ കുർബാന എന്ന് പരിചയപ്പെടുത്തി, പരിശുദ്ധ അമ്മ, വിശുദ്ധ കുർബാനയുടെ വിശ്വാസം ജീവിച്ചവളാണ് എന്ന് ധ്യാനിച്ച് അവസാനിപ്പിക്കുന്ന ഗ്രന്ഥരചന ഒരു ചാക്രികലേഖനമെന്നതിലുപരിയായി പിതാവിന്റെ വിശുദ്ധ ബലിയർപ്പണത്തെക്കുറിച്ചുള്ള ധ്യാനവും, അനുഭവും വ്യക്തിപരമായി പങ്കുവയ്ക്കുന്നതാണ്. അദ്ദേഹത്തിന്റ സെഹിയോൻ ഊട്ടുശാലയിൽ ബലിയർപ്പിച്ചപ്പോൾ അനുഭവിച്ച ആനന്ദത്തിന്റെ അവതരണം വിരൽ ചൂണ്ടുന്നത് വിശുദ്ധ ബലിയർപ്പണവുമായി അദ്ദേഹത്തിനുള്ള ആത്മ ബന്ധം ആണ്. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഓർമിപ്പിക്കുന്നുണ്ട്; നമ്മുടെ കാലഘട്ടത്തിൽ സമർപ്പിതർ എല്ലാറ്റിനും ഉപരിയായി പ്രാർത്ഥന ജീവിതത്തിലൂടെ വ്യതിരക്തരാക്കപ്പെടണമെങ്കിൽ പരിശുദ്ധ പരമ ദിവ്യകാരണത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോട് ഹൃത്യമായ സ്നേഹത്തോടെയുള്ള ആത്മീയഭാഷണത്തിലും, നിശബ്ദമായ ആരാധനയിലും സമയം ചെലവഴിക്കണം. വത്സര സഹോദരീസഹോദരന്മാരെ, ഞാൻ എത്രയോ തവണ ഇത് അനുഭവിക്കുകയും ഇതിൽനിന്ന് ശക്തിയും ആശ്വാസവും പിന്തുണയും നേടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലം പിതാവിന്റെ വ്യക്തി പരമായ അനുഭവങ്ങളുടെ അവതരണമാണ്. അദ്ദേഹം തുടരുന്നു, നിരവധിയായ അജപാലക ശുശ്രൂഷകളിൽ വ്യാപൃതരാണ്. ആധുനിക ലോകത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങളിൽ, വൈവിധ്യമാർന്ന വെല്ലുവിളികളിൽ സമർപ്പിതരുടെ ആത്മീയജീവിതത്തിന്റെ പോഷണമായും, അനുദിന അസ്വസ്ഥതകളുടെ പരിഹാരമായും, ശുശ്രൂഷകളുടെ യഥാർത്ഥ കേന്ദ്രമായും വിശുദ്ധ കുർബാനയെ കാണാൻ കഴിയണം. വിശുദ്ധ കുർബാന അർപ്പണത്തിൽ അടിസ്ഥാനപ്പെടുത്താതേയും, കേന്ദ്രീകരിക്കാതെയും ഒരു ക്രൈസ്തവ സമൂഹത്തെയും പണിതുയർത്താൻ ആവില്ല.
വിശ്വാസത്തിന്റെ രഹസ്യം
സഭാ അവരുടെ നാഥനായ ക്രിസ്തുവിൽ നിന്ന് സ്വീകരിച്ചിട്ടുള്ള നിരവധിദാനങ്ങളിൽ, അവ എത്ര വിലപിടിപ്പാർന്നതുമാകട്ടെ, കേവലം ഒന്നുമാത്രമല്ല വിശുദ്ധ കുർബാന; പിന്നെയോ, ഏറ്റവും പരമോന്നതമായ ദാനമാണ്; കാരണം, ഈ ദാനം അവിടുന്ന് തന്നെയാണ്. കർത്താവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമായ സഭ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ രക്ഷാകര പ്രവർത്തിയുടെ ഈ കേന്ദ്ര സംഭവം യഥാർത്ഥത്തിൽ സന്നിഹിതമാവുകയും നമ്മുടെ രക്ഷാകര കർമ്മം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു. സത്താപരിണാമത്തെയും; യഥാർത്ഥ ശരീരം, യഥാർത്ഥ ഭക്ഷണം, എന്നി യാഥാർത്ഥ്യങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറയാൻ ആഗ്രഹിക്കുന്നതും, വിശുദ്ധ കുർബാനയുടെ വിശ്വാസത്തിന്റെ വിവിധ തലങ്ങളെ കുറിച്ചാണ്.
വിശുദ്ധ കുർബാന സഭയെ പണിതുയർത്തുന്നു.
സഭയുടെ വളർച്ച പ്രക്രിയയുടെ കേന്ദ്രമാണ് വിശുദ്ധ കുർബാന അർപ്പണം എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. സഭ പണിതുയർത്തപ്പെടുന്നതാകട്ടെ; നമ്മുടെ രക്ഷക്കായി ബലിയറപ്പിക്കപ്പെട്ട ദൈവ പുത്രനുമായുള്ള കൗദാശിക ഐക്യത്തിലൂടെയാണ്. ക്രിസ്തുവിന്റെ ശരീരത്തിലുള്ള പങ്കാളിത്തത്തിലുടെ സഭ കൂടുതൽ ആഴത്തിൽ ക്രിസ്തുവിൽ ഒന്നാകുന്നു. ക്രിസ്തുവിന്റെ ബലിയർപ്പണത്തിലൂടെ സംഭവിച്ച ഐക്യമാണ് സഭയുടെ വളർച്ചയുടെ അടിസ്ഥാനം.
വിശുദ്ധ കുർബാനയുടെയും സഭയുടെയും അപ്പസ്തോലികത
അപ്പസ്തോലന്മാരുടെ വിശ്വാസമനുസരിച്ച് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന അവർക്ക് ഭരമേല്പിക്കപ്പെട്ടതും അവരിലൂടെയും അവരുടെ പിൻഗാമികളിലൂടെയും നമുക്ക് ലഭിച്ചതും ആണ്. ഈ ഒരു അധ്യായത്തിലൂടെ വിശുദ്ധനായ ജോൺപോൾ പഠിപ്പിക്കുന്നതും പറഞ്ഞുതരുന്നതും വിശുദ്ധ ബലിയർപ്പണത്തിന്റെ ഔന്നിത്യം സഭയോടും സഭാ പഠനങ്ങളോടും ചേർന്ന് നിൽക്കുന്നിടത്ത് ആണ് എന്നാണ്. വിശ്വാസികളുടെ സാന്നിധ്യത്തിൽ പോലും, അത് ക്രിസ്തുവിന്റെയും സഭയുടെയും പ്രവർത്തിയാണ്, അപ്പസ്തോല പാരമ്പര്യത്തെയും സഭാ കൂട്ടായ്മയും ചേർത്തു നിർത്തി മാത്രമേ ബലിയർപ്പണം സാധ്യമാകു.
വിശുദ്ധ കുർബാനയും സഭാ കൂട്ടായ്മയും
കൂട്ടായ്മ സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് വിശുദ്ധ ബലിയർപ്പണമാണ്. ഐക്യം വളർത്തുന്നതിൽ വിശുദ്ധ കുർബാനക്കുള്ള പ്രത്യേക ശക്തിയാണ് ഞായറാഴ്ച കുർബാനയുടെ പ്രാധാന്യത്തിനുള്ള ഒരു കാരണം. അതുകൊണ്ടാണ്, യഥാർത്ഥ പൗരോഹിത്യം ഇല്ലാത്ത സമൂഹങ്ങളിൽ നിന്നും കത്തോലിക്കർ ദിവ്യകാരുണ്യം സ്വീകരിച്ചു കൂടാ എന്ന് പറയുന്നത്.
പരിശുദ്ധ കുർബാന അർപ്പണത്തിന്റെ മഹത്വം
അന്ത്യ അത്താഴ സായാഹ്നത്തിലെ ഈശോയുടെ 'ലാളിത്യവും ആഡംബരവും' അതോടൊപ്പം പെസഹാ ഭക്ഷണത്തിനുവേണ്ടി വിശാലമായ മട്ടുപ്പാവ് ശ്രദ്ധാപൂർവം തയ്യാറാക്കാൻ ശിഷ്യന്മാരോട് ഈശോ നിർദ്ദേശിക്കുന്നതിന്റെ പിൻബലത്തിലാണ് മാർപാപ്പ വിശുദ്ധ കുർബാനയർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. ലാസറിന്റെ സഹോദരി മറിയത്തിന്റെ ബഥാനിയയിലെ തൈലാഭിഷേകവും മറ്റുള്ളവർ ദുർവ്യമായി കാണുമ്പോഴും കർത്താവിന് അത് വെറുതെയായി തീരുന്നില്ല. വിശുദ്ധ ബലിയർപ്പണത്തിന്റെ ബാഹ്യമായ കാര്യങ്ങളിലും മഹത്വം പുലർത്തണമെന്നും, ശ്രെദ്ധചെലുത്തണമെന്നുമുള്ള നിർദ്ദേശമായി ഇതിനെ പരിഗണിക്കാവുന്നതാണ്.
വിശുദ്ധ കുർബാനയുടെ സ്ത്രീയായ മറിയത്തിന്റെ ശിഷ്യ സമൂഹത്തിൽ
കുർബാനയുടെ സ്ത്രീ, ചലിക്കുന്ന സക്രാരി എന്നൊക്കെയാണ് പരിശുദ്ധ അമ്മയെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചാക്രികലേഖനത്തിൽ വിശേഷിപ്പിക്കുന്നത്. വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയും തമ്മിലുള്ള ബന്ധവും, ത്രിത്വൈക സ്തുതി ആണ് വിശുദ്ധ കുർബാന എന്നുള്ള പഠനവും, ആ പരമമായ സ്തുതി പരിശുദ്ധ അമ്മ അർപ്പിക്കുന്നത് സ്തോത്ര ഗീതത്തിലൂടെ ആണ് എന്നൊക്കെ പരിശുദ്ധ പിതാവ് നമ്മളെ പരിചയപ്പെടുത്തുന്നുണ്ട്. പരിശുദ്ധ അമ്മ, മറിയത്തിന്റെ ഒരു തീക്ഷ്ണതയോടെ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നു. അവൾ ആദ്യ അർപ്പണത്തിൽ പങ്കെടുത്തത് പോലെയും, പരിശുദ്ധ അമ്മയുടെ വിശുദ്ധ കുർബാന വിശ്വാസം പോലെയും, പുത്രനോട് ചേർന്ന് പരിശുദ്ധാത്മാവിൽ പിതാവിനെ സ്തുതിച്ച സ്തോത്രം ഗീതം പോലെയും, വിശുദ്ധ കുർബാന മാറണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ആദ്യത്തെ സക്രാരിയായ പരിശുദ്ധ അമ്മ, കുർബാനയുടെ സ്ത്രീയായ പരിശുദ്ധ അമ്മ, നമ്മുളെ വിശുദ്ധ ബലിയർപ്പിക്കാൻ സഹായിക്കും. ഈ ഒരു ബലിയർപ്പിക്കുമ്പോൾ 'ഇത് നിങ്ങൾ എൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ' എന്നാവശ്യപ്പെട്ട ക്രിസ്തുവിന്റെ വചനവും 'അവൻ നിങ്ങളോട് പറയുന്നത് നിങ്ങൾ ചെയ്യുവിൻ' എന്ന് പറഞ്ഞ പരിശുദ്ധ അമ്മയുടെ വചനവും നമ്മൾ നിറവേറ്റുകയാണ്. വിശുദ്ധ കുർബാനയും സഭയും എന്ന ചാക്രിക ലേഖനം അതിന്റെ സാരാംശത്തിൽ, ചിന്തകളിൽ, അവതരണത്തിൽ ആഴമുള്ളതാണ്. ആവർത്തിച്ചുള്ള വായനകൾ പുതിയ അർത്ഥതലങ്ങളിലേക്കു വഴി തുറക്കുന്നതാണ്. ഈയൊരു സാരസംഗ്രഹം വളരെ ലളിതവും ചുരുക്കവും ആണ്; അതിനാൽ യഥാർത്ഥ വായനയിലേക്ക് ഇത് മിഴി തുറക്കട്ടെ.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കിയുള്ള അപ്പസ്തോലിക പ്രബോധനമാണ്.
Read more..
'ഡൈസ് ഡൊമിനി', 'ഓൺ കീപ്പിങ് ഗോഡ്'സ് ഡേ ഹോളി' - കർത്താവിന്റെ ദിനം; വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കിയുള്ള അപ്പസ്തോലിക പ്രബോധനമാണ്. അഞ്ചു അധ്യായങ്ങളിലായി, ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിന്റെ ദിനത്തിൽ ആരംഭിച്ചു, ക്രിസ്തുവിന്റെ ദിവസത്തിലേക്ക്, സഭയുടെ ദിവസത്തിലേക്ക്, മനുഷ്യരുടെ ദിവസത്തിലേക്ക്, അവസാനം സമയത്തിന്റെ പൂർണ്ണതയിൽ ഈ ദിനം എത്തിനിൽക്കുന്നതായി അദ്ദേഹം പഠിപ്പിക്കുന്നു. ദൈവത്തിന്റെ വിശ്രമത്തെ 'ചലനാത്മകമായ ഓർമ്മയായി' പരിചയപ്പെടുത്തി ദൈവത്തിന്റെ രക്ഷാകര പ്രവർത്തികളെല്ലാം നല്ലതായി കണ്ട ദൈവത്തോട് ചേർന്ന് ധ്യാനിക്കുന്നതാണ് സാബത്ത് വിശ്രമം എന്ന് പഠിപ്പിക്കുന്ന ആദ്യ അധ്യായവും, ആദ്യ സൃഷ്ടിയായ ക്രിസ്തുവിൽ സാബത്തു ദിവസം പൂർണ്ണത പ്രാപിക്കുന്ന രണ്ടാം അധ്യായവും, സഭയുടെ ഒത്തുചേരലിൽ എത്തേണ്ട കർത്താവിന്റെ ദിവസത്തെ പരിചയപ്പെടുത്തുന്ന മൂന്നാം അധ്യായവും, സഹോദരങ്ങളേ മറക്കാൻ അനുവദിക്കാത്തതാണ് ഞായറാഴ്ച ആചരണം എന്ന നാലാം അധ്യായവും, നമ്മളെ കർത്താവിന്റെ ദിനത്തിന്റെ വിവിധ തലങ്ങളിലേക്ക് നയിക്കുന്ന ദൈവികമാനവും സാമൂഹ്യമാനവും നിത്യതയുടെ ദർശനങ്ങളും നമ്മളെ അതിശയപ്പെടുത്തുന്നതാണ്.
ആദിമസഭയിൽ വിശുദ്ധ കുർബാനയർപ്പണത്തിനുള്ള പ്രത്യേക ദിവസമായി തിരഞ്ഞെടുത്തിരുന്നത് ഞായറാഴ്ചയാണ് (അപ്പ 20:7). ഡിഡാക്കെയും വിശുദ്ധ ജസ്റ്റിന്റെ കൃതിയും ഞായറാഴ്ചയാചരണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കർത്താവിന്റെപീഡാനുഭവമരണോത്ഥാനരഹസ്യത്തിന്റെ സ്മരണ ആചരിക്കുവാൻ സമുചിതമായ ദിവസമായി കർത്താവിന്റെ ഉത്ഥാനദിനമായ ഞായറാഴ്ചയാണ് ആദിമക്രിസ്ത്യാനികൾ കരുതിയിരുന്നത്. യഹൂദന്മാരുടെ സാബത്തുദിനത്തിനു സമാന്തരമായിട്ടാണ് ക്രിസ്ത്യാനികൾ ഞായറാഴ്ചയെ വീക്ഷിച്ചിരുന്നത്. തന്മൂലം സാബത്തുദിവസത്തെക്കുറിച്ച് ചിന്തിച്ചിരുന്നതുപോലെ, പരിശുദ്ധമായി ആചരിക്കപ്പെടേണ്ട ദിവസം, വിശ്രമത്തിന്റെ ദിവസം എന്നിങ്ങനെ ഞായറാഴ്ചയെക്കുറിച്ചും ചിന്തിച്ചു തുടങ്ങി.
1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഞായറാഴ്ച ആചരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച കർത്താവിന്റെ ദിവസം (Dies Domini) എന്ന ശ്ലൈഹികലേഖനം ഞായറാഴ്ചയുടെ വ്യത്യസ്തമാനങ്ങൾ പ്രതിപാദിക്കുന്നുണ്ട്. കർത്താവിന്റെ ഉത്ഥാനദിവസം (കർത്താവിന്റെ ദിവസം 20) എന്നതിനുപുറമേ ആഴ്ചയിലെ ഒന്നാം ദിവസമായസൃഷ്ടിയുടെ ദിവസം (കർത്താവിന്റെ ദിവസം 24), പരിശുദ്ധാത്മാവ് ശീഹന്മാരുടെമേൽ എഴുന്നള്ളിവന്ന പന്തക്കുസ്തയുടെ ഓർമ്മദിവസം (കർത്താവിന്റെ ദിവസം 20), യഹൂദപാരമ്പര്യത്തിലെ ഏഴാം ദിവസമായ സാബത്തു കഴിഞ്ഞു വരുന്ന ദിവസം എന്ന അർത്ഥത്തിൽ യുഗാന്ത്യത്തിന്റെ സൂചനയരുളുന്ന എട്ടാം ദിവസം (കർത്താവിന്റെ ദിവസം 26) എന്നിങ്ങനെയെല്ലാം ക്രൈസ്തവ പാരമ്പര്യത്തിൽ ഞായറാഴ്ചയ്ക്ക് പ്രാധാന്യം കൈവന്നു.ക്രൈസ്തവവിശ്വാസികൾ പെസഹാരഹസ്യത്തിന്റെ അനുസ്മരണമായ അപ്പം മുറിക്കൽ നടത്തേണ്ട ദിവസം എന്ന നിലയിലാണ് ഞായറാഴ്ചയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിച്ചത്.ഞായറാഴ്ച ദിവസത്തിൻറെ പാരമ്പര്യത്തെയും അതിന്റെ പ്രാധാന്യത്തെയും സംബന്ധിക്കുന്ന കുറിപ്പാണ് ഈ ലേഖനം. ഈ ലേഖനം രചനയിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കർത്താവിന്റെ ദിവസം എന്ന അപ്പസ്തോലിക ആഹ്വാനമാണ് ആധികാരിക രേഖയായി സ്വീകരിച്ചിരിക്കുന്നത്. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമാണ് വിശുദ്ധ ബലിയർപ്പണം. പ്രത്യേകിച്ച് ഞായറാഴ്ചകളിലെയർപ്പണം. യഹൂദ ജനത സാബത്ത് പ്രാധാന്യത്തോടെ കരുതുകയും ആചരിക്കുകയും ചെയ്തതുപോലെ ക്രൈസ്തവർ ഞായറാഴ്ച ആചരണം അതിപ്രാധാന്യത്തോടെ ഘോഷിച്ചിരുന്നു. ദൈവവചനവും, ആദിമ സഭയുടെ പഠനങ്ങളും, സഭാ പിതാക്കന്മാരും നമ്മളെ അത് ഓർമിപ്പിക്കുന്നു. എന്നാൽ, മാറുന്ന സാഹചര്യത്തിൽ ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വെറുമൊരു വിശ്രമത്തിന്റെയും, മത്സരങ്ങളുടെയും, യാത്രകളുടെയും, ദിവസമായി ഞായറാഴ്ച മാറുകയാണ്, അതുകൊണ്ടാണ്, തന്റെ അപ്പസ്തോലിക ആഹ്വാനത്തിലൂടെ മാർപാപ്പ 'റീ ഡിസ്കവർ സൺഡേ' എന്നു ദൈവവിശ്വാസികളെ ഓർമിപ്പിക്കുന്നത്.
ഈശോ ഉത്ഥാനത്തിലൂടെയാണ് സാബത്തു വിശ്രമത്തിലേക്ക് പ്രവേശിച്ചത്. അതിനാൽ, ക്രൈസ്തവർ സാബത്ത് ഞായറാഴ്ചയുമായി ബന്ധപ്പെടുത്തിയാണ് ചിന്തിച്ചിരുന്നത്. ഞായറാഴ്ച, ആഴ്ചയുടെ ആരംഭ ദിവസവും, പുതിയ സൃഷ്ടിയായ ക്രിസ്തുവിന്റെ ജനനദിവസവും ആണ്. മനുഷ്യ ശരീരത്തെ മഹിതമാക്കി, സൃഷ്ടിക്ക് പുതിയ ജനനം നൽകിയ ദിവസം. അതുപോലെ, ഇത് എട്ടാം ദിവസമാണ് 'ദി എയ്ത് ഡേ' സൃഷ്ടിയുടെ അവസാനത്തിലേക്കുള്ള, നിത്യജീവിതത്തിലേക്കുള്ള പ്രവേശനവും, കർത്താവിന്റെ വിശ്രമത്തിലേക്കുള്ള മനുഷ്യ രാശിയുടെ പ്രേവേശനവും ഇത് അർത്ഥമാക്കുന്നുണ്ട്. കർത്താവിന്റെ വിശ്രമത്തിലൂടെ ഉദ്ദേശിക്കുന്നത് 'ഡിവൈൻ ഇനാക്ടീവനെസ്സ്' അല്ല മറിച്ച് എന്റെ പിതാവ് ഇപ്പോഴും പ്രവർത്തനനിരതനാണ് ഞാനും പ്രവർത്തിക്കുന്നു ( യോഹ 5 ,17 ) ഒരു 'ലൈവ് റിമംബരൻസ്' ആണ്. സൃഷ്ടികൾക്ക് ശേഷം, ,എല്ലാം നല്ലതാണെന്ന്' ധ്യാനിച്ച് വിശ്രമിച്ച ദൈവത്തിന്റെ 'ചലനാത്മകമായ വിശ്രമം' ആണിത്. കഴിഞ്ഞ കാലങ്ങളിലെയും, ഇപ്പോഴത്തെയും ദൈവത്തിന്റെ അനുഗ്രഹങ്ങളെ ഓർത്തെടുക്കുന്ന ദിവസം; അതിനാൽ തന്നെ ഇത് വെറും വിശ്രമത്തിൽ ഒതുങ്ങുന്നതോ, ജോലി ചെയ്യാതിരിക്കുന്നതിൽ അവസാനിക്കുന്നതല്ല.
ദൈവ വചനത്തിൽ, കർത്താവിന്റെ ദിവസം
കർത്താവിൻറെ ദിവസം, ദൈവവചനത്തിൽ, സുവിശേഷങ്ങളിൽ വിവരിക്കുന്നത്നുസരിച്ച് യേശുവിന്റെ ഉത്ഥാനം ഞായറാഴ്ചയാണ് സംഭവിച്ചത് ( മർക്കോ 16 ,2 ,9 ; ലൂക്ക 24 , 1 ; യോഹ 20 ,1 ) കർത്താവ് അന്ന് തന്നെയാണ് എമ്മാവൂസിലേക്കു പോകുന്ന രണ്ട് ശിഷ്യന്മാർക്കും, (ലൂക്ക 24 , 13 -35 ) ഒന്നിച്ചു കൂടിയിരുന്ന പതിനൊന്നു സ്ലീഹന്മാർക്കും (ലൂക്ക 24 , 36; യോഹ 20 , 19 ) പ്രത്യക്ഷപ്പെട്ടത്. ഒരാഴ്ച കഴിഞ്ഞ്, ഞായറാഴ്ച തന്നെയാണ് ഉത്ഥിതനായ കർത്താവ് തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെട്ടത് (യോഹ 20 ,6 ). പന്തക്കുസ്തദിനവും ഒരു ഞായറാഴ്ച ആയിരുന്നു ( അപ്പ 2 ,1 ). ആദ്യ പ്രഘോഷണവും, ആദ്യ മാമോദിസയും നടന്നത് ഞായറാഴ്ച ആയിരുന്നു( അപ്പ 2 ,41 ). അപ്പോസ്തോലന്മാരുടെ കാലം മുതൽ ക്രിസ്ത്യാനികൾ ഞായറാഴ്ച ദിവസം ഒന്നിച്ചു കൂടുകയും, വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു ( അപ്പ 20 ,7 -12 ; 1 കോറി 16 , 2 ). ഞായറാഴ്ചയെ കർത്താവിന്റെ ദിവസം എന്നാണ് വിളിച്ചിരുന്നത് ( വെളി 1 , 10 ). വിശുദ്ധ യോഹന്നാനു ലഭിച്ച വെളിപാടാണ്, വെളിപാട് ഗ്രന്ഥത്തിന്റെ രചനയുടെ അടിസ്ഥാനം; ഇതു സ്വർഗീയ ആരാധനയെ സംബന്ധിച്ച വെളിപാടാണ്. അദ്ദേഹത്തിന് വെളിപാട് ലഭിച്ചതാകട്ടെ ഞായറാഴ്ച ദിവസം, അദ്ദേഹം ധ്യാന നിരതനായിരിക്കുമ്പോഴാണ്.
ആദിമ സഭയും, സഭ പിതാക്കൻമാരും
ആദിമസഭയിൽ, ഞായറാഴ്ച വിശുദ്ധ കുർബാനയർപ്പണത്തിന് ഒന്നിച്ചു കൊള്ളണമെന്ന് ഒരു പ്രത്യേക നിയമം വഴി നിഷ്കർഷിച്ചിരുന്നില്ല. എന്നാൽ, സഭാ പിതാക്കന്മാർ ഞായറാഴ്ചകളിൽ ബലിയർപ്പണത്തിൽ പങ്കെടുക്കണമെന്ന് വിശ്വാസികളോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. സഭയിൽ ഒരു പ്രത്യേക നിയമമായി അക്കാലത്ത് ഉണ്ടായിരുന്നില്ലെങ്കിലും, ഞായറാഴ്ച ബലിയർപ്പണത്തിൽ പങ്കെടുക്കുക എന്നത് തങ്ങളുടെ കടമയായി ക്രൈസ്തവർ കണക്കാക്കിയിരുന്നു. 'ചിലർ സാധാരണ ചെയ്യാറുള്ളത് പോലെ നമ്മുടെ സഭായോഗങ്ങൾ ഉപേക്ഷിക്കരുത്' എന്ന് ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽ വായിക്കുന്നുമുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ചരിത്രകാരനായ പ്ലീനി ദി യങ്ർ അദ്ദേഹം ഞായറാഴ്ചകളിൽ സൂര്യോദയത്തിനു മുൻപ് ഉണർന്ന് ദൈവത്തെ വാഴ്ത്തുന്ന ക്രൈസ്തവരെ കുറിച്ച് പറയുന്നുണ്ട്. ആ കാലഘട്ടങ്ങളിൽ ഞായറാഴ്ച ഒരു അവധി ദിവസമായിരുന്നില്ല. അതിനാലാണ് അവർ പ്രഭാതത്തിൽ സൂര്യോദയത്തിനു മുൻപേ ദൈവത്തെ മഹത്വപ്പെടുത്താനായിട്ട് എഴുന്നേൽക്കാൻ ഇടയായത്. മതപീഡനകാലത്ത് ഞായറാഴ്ച സമ്മേളനങ്ങൾ നിരോധിക്കപ്പെട്ടപ്പോൾ പോലും നിരോധനാജ് ലംഘിക്കാനും, ഞായറാഴ്ച കുർബാന മുടക്കുന്നതിനേക്കാൾ മരണം വരിക്കാനും ആദിമ ക്രൈസ്തവർ ധൈര്യം കാണിച്ചു. ആദ്യകാലത്ത് ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള കടമയെ സംബന്ധിച്ച് നിയമം ഉണ്ടാക്കുക ആവശ്യമായിരുന്നില്ല കാരണം ആദ്യമേ ക്രിസ്ത്യാനികൾ തങ്ങളുടെ മനസാക്ഷി അനുസരിച്ചുള്ള ഒരു കടമയായും ആന്തരിക ആവശ്യമായും ഇതിനെ കണ്ടിരുന്നു. ആദ്യകാലഘട്ടത്തിൽ സാബത്തും ഞായറും ഒരുമിച്ച് ആഘോഷിച്ചിരുന്നു, എന്നാൽ പിന്നീട് രണ്ടും വ്യത്യസ്ത ദിവസങ്ങളായി തീർന്നു. ചിലർ ഇതിനെ സഹോദര ദിനങ്ങളായി 'ടു ബ്രദർ ഡേയ്സ്' ആഘോഷിക്കുന്നത് തുടർന്നു.
ചരിത്രത്തിലേക്ക്
ഞായറാഴ്ച കടം നിയമമായി മാറുന്നത് ആറാം നൂറ്റാണ്ടിലാണ്. എന്നാൽ നിയമത്താൽ അനുശാസിക്കപ്പെട്ട ഒരു കടമയായി തീരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ ആദിമ സഭയുടെ കാലം മുതൽ തന്നെ ക്രിസ്ത്യാനികൾ ഞായറാഴ്ച ഒന്നിച്ചു കൂടിയിരുന്നു. എന്നാൽ പിൽക്കാലത്ത് ചിലരുടെ ആത്മാർത്ഥ കുറവും ഉദാസ്നതയും കാരണം ശക്തമായ ഉദ്ബോധനത്തിന്റെ രൂപത്തിൽ ഞായറാഴ്ച കുർബാനയിൽ പങ്കുകൊള്ളാനുള്ള കടമയെക്കുറിച്ച് സഭയ്ക്ക് പറയേണ്ടിവന്നു. പിന്നീട് ഇക്കാര്യത്തിനുവേണ്ടി കാനോനിക നിയമങ്ങൾ തന്നെ സഭയ്ക്ക് ഉണ്ടാക്കേണ്ടി വന്നു. എഡി 300 സ്പെയിനിലെ എൽവീരയിൽ വച്ച് നടന്ന കൗൺസിൽ ഞായറാഴ്ച കുർബാനയ്ക്ക് മൂന്നുപ്രാവശ്യം സന്നിഹിതരാകാത്തവർക്ക് നൽകേണ്ട ശിക്ഷകളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രാദേശിക കൗൺസിലുകളുടെ ഇത്തരം നടപടികൾ ഞായറാഴ്ച കുർബാനയ്ക്ക് വരേണ്ടത് സാർവത്രികമായ ഒരു കടമയായി പരിഗണിക്കപ്പെടുന്നതിലേക്ക് നയിച്ചു. സഭയിൽ ഉണ്ടായിരുന്നു ഈ പാരമ്പര്യത്തെ 1917 ലെ കാനൻ നിയമസംഹിത ആദ്യമായി ഒരു സാർവത്രിക നിയമമാക്കി. ഇപ്പോഴത്തെ കാനോനിക നിയമസംഹിത ഇത് ആവർത്തിക്കുന്നു. ദൈവവചനം ശ്രവിച്ചുകൊണ്ട് വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു കർത്താവായ യേശുവിന്റെ പീഡ സഹനവും ഉത്ഥാനവും മഹത്വവും അനുസ്മരിക്കുന്നതിനും ക്രിസ്തീയ വിശ്വാസികൾ എല്ലാവരും ഞായറാഴ്ച ദിവസം സമ്മേളിക്കണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ട് (SC 106 ). ജോൺപോൾ രണ്ടാമൻ മാർപാപ്പ സഭയുടെ ഈ പഠനം ആവർത്തിക്കുന്നു. ഞായറാഴ്ച ദിവസം വിശുദ്ധമായി ആചരിക്കുവാനുള്ള കടമ, വിശിഷ്യാ വിശുദ്ധ കുർബാനയിൽ പങ്കെടുത്തും, ക്രിസ്തീയ സന്തോഷത്തിന്റെയും സാഹോദരത്തിന്റെയും ചൈതന്യത്തിൽ വിശ്രമിച്ചും ആചരിക്കുവാനുള്ള കടമ ക്രിസ്തീയ വിശ്വാസികൾക്കുണ്ട്.
സഭയുടെ ആരംഭകാലത്ത് ഞായറാഴ്ച ദിവസം മാത്രമേ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നുള്ളൂ എന്നത് പുരാതന രേഖകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ, നാലാം നൂറ്റാണ്ട് ആയപ്പോഴേക്കും ബുധൻ, വെള്ളി ദിവസങ്ങളിലും പിന്നീട് ദിവസേനയും വിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങി. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതും, അവർ ആവശ്യപ്പെട്ടതും ആയിരിക്കാം ഇതിനുള്ള കാരണം. എല്ലാ ഞായറാഴ്ചകളിലും തിരുസഭ പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള തിരുനാളുകളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് കടമയുണ്ട്. മറ്റു ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് സഭ പ്രോത്സാഹിപ്പിക്കുന്നു. (ccc 289 )
സഭാ പിതാക്കന്മാർ
വിശുദ്ധ അഗസ്റ്റിൻ ഞാറാഴ്ചയെ വിശേഷിപ്പിക്കുന്നത്, 'ദൈവം, മുദ്ര പതിപ്പിച്ച ദിവസമാണെന്നാണ്. വിശുദ്ധ ജസ്റ്റിൻ ദി മാർട്ടയെർ, ഞായറാഴ്ച ദിവസത്തെ ഒന്നുചേരലിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഡൈയോക്ലൈഷിൻ ചക്രവർത്തിയുടെ പീഡന കാലഘട്ടങ്ങളിലും ഞായറാഴ്ച ദിവസം ഒന്ന് ചേരുന്നതിൽ അവർ മടി കാണിച്ചിരുന്നില്ല. വിശുദ്ധ ബലിയിർപ്പണം നടക്കുന്ന ഭവനത്തിന് നടുമുറ്റത്ത് പ്രതീകങ്ങളായി മണൽ പുറത്ത് മീനിന്റെ ചിത്രം വരച്ചു വിശുദ്ധ ബലിയർപ്പണം നടുക്കുന്ന സ്ഥലം ആദിമ സഭ സഭാസമൂഹത്തെ അറിയിച്ചിരുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രക്തസാക്ഷിയായ അബീതീന തന്റെ ഘാതകളോട് പറയുന്നുണ്ട്, കർത്താവിന്റെ അത്താഴം ഇല്ലാതെ എനിക്ക് ജീവിക്കാനും, ദൈവത്തിന്റെ ദിനം ആചരിക്കാതിരിക്കാതേ എനിക്ക് ഭക്ഷിക്കാനും സാധ്യമല്ല. അന്തിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നു, സാബത്തു ആചരിച്ചിരുന്നവർ പുതിയ പ്രത്യാശയിലേക്ക് പ്രവേശിക്കാനായി കർത്താവിന്റെ ദിവസം ആചരിക്കേണ്ടതാണ്. അങ്ങനെ ആദ്യകാലങ്ങളിൽ മുതൽ, സഭാ പിതാക്കന്മാർ ഞായറാഴ്ച ആചരണത്തിന് ഒത്തിരിയേറെ പ്രാധാന്യം കൊടുത്തിരുന്നു. എങ്കിലും ഒത്തിരിയേറെ പഠനങ്ങൾ ഈ കാലഘട്ടത്തിന്റേതായി നമുക്ക് കാണാനായിട്ട് സാധിക്കത്തില്ല. കാരണം ഞായറാഴ്ച ദിവസം അവരുടെ പരിശുദ്ധ ദിവസമായിരുന്നു; അത് ആചരിക്കാൻ ഒരു നിയമത്തിന്റെ പിൻബലം ആവശ്യമാണെന്ന് അവർക്കൊരിക്കലും തോന്നിയിരുന്നില്ല.
ക്രിസ്തു ലോകത്തിന്റെ പ്രകാശം
ഞായറാഴ്ച സൂര്യ ദിവസമായി ആചരിച്ചിരുന്നു; ഇതൊരു റോമൻ പാരമ്പര്യമായിരുന്നു. ആ ദിവസം, അവർ വിവിധ ദേവന്മാരെ ആരാധിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ക്രൈസ്തവർ ലോകത്തിന്റെ പ്രകാശമായവനെ ആരാധിക്കാൻ ആരംഭിച്ചു. 'ഞാനാണ് ലോകത്തിന്റെ പ്രകാശം ( യോഹ 9 ,5 ) 'മരണത്തിന്റെ താഴ്വരയിൽ വസിക്കുന്നവർ കണ്ട പ്രകാശത്തെ പ്രവചിച്ച സക്കറിയായുടെയും ( ലൂക്ക 1 , 78 -79 ) വിജാതിയരുടെ പ്രകാശമായ ക്രിസ്തുവിനെ ദർശിച്ച ( ലൂക്ക 2 .32 ) ശിമെയോന്റെ പ്രവചനവും; ഞായറാഴ്ച ക്രിസ്തുവിനെ ആരാധിക്കുന്നത് ചരിത്രത്തിന്റെ ഭാഗമായി മാറാൻ കാരണമായി.
ആത്മാവിന്റെ ദിവസം; വിശ്വാസത്തിന്റെ ദിവസം
ഉത്ഥിതനായ ക്രിസ്തുവിന്റെ ഏറ്റവും വലിയ ദാനമായിരുന്നു പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് അഗ്നിയുടെയും, കാറ്റിന്റെയും രൂപത്തിൽ പറന്നിറങ്ങിയത് ഒരു ഞായറാഴ്ചയായിരുന്നു. ( അപ്പ 2 , 2 -3 ) അങ്ങനെ, ഞായറാഴ്ച 'വീക്കിലി പെന്തക്കോസ്ത്' ആയി മാറി. തോമാശ്ലീഹായുടെ ശക്തമായ വിശ്വാസ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചത് ഒരു ഞായറാഴ്ചയാണ് ( യോഹ, 20 , 27 -28 ) അതുപോലെ, ഇറങ്ങിപ്പോയവരെ കണ്ടെത്തിയതും, മീൻ പിടിക്കാൻ പോയവരോടൊപ്പം കർത്താവ് ഭക്ഷിച്ചതും ഈ ഞായറാഴ്ച ദിവസം തന്നെയായിരുന്നു. നിത്യജീവിതത്തിലുള്ള പ്രത്യാശ എട്ടാം ദിവസം ഓർമിപ്പിക്കുന്നു.
കർത്താവിന്റെ ദിവസം ഇടവകയുടെ ആഘോഷമാണ്; അത് സഹോദരന്മാരിൽ എത്തി ചേരുന്നതാണ്
ഞായറാഴ്ച ആചരണം, 'വീക്കിലി ഈസ്റ്റർ' ആണ്. പൂർണതയിൽ ആഘോഷിക്കണമെങ്കിൽ, ഉയർപ്പിന്റെ പ്രഖ്യാപനം ആകണമെങ്കിൽ, അത് സ്വകാര്യ ആചരണമായി മാറരുത്. അത് സമൂഹത്തിൽ ആഘോഷിക്കപ്പെടണം. കർത്താവിന്റെ മൗലിക ശരീരത്തിന്റെ ഭാഗമായാണ് നാം രക്ഷയിലേക്ക് പ്രവേശിക്കുന്നത്. ഞായറാഴ്ചയിലെ ആചരണത്തിലാണ്, വിശുദ്ധ കുർബാന രഹസ്യം ഏറ്റവും പൂർണമായി വെളിപ്പെടുന്നത്. ഇവിടെ ചിതറിക്കപ്പെട്ടവരുടെ ഒന്നുചേരൽ നടക്കുകയാണ്. ഞായറാഴ്ച ബലിയർപ്പണം സഹോദരങ്ങളുമായി ഒന്നുചേരുന്ന അനുഭവം കൂടിയാണ്. കർത്താവുമായിട്ടുള്ള സംസർഗം അതിന്റെ ആഴത്തിൽ സഹോദരങ്ങളേയും കൂടി ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ കുർബാന സ്വീകരണം ഒരിക്കലും വാതിൽപ്പടിയിൽ അവസാനിക്കരുത്. ആദിമ സഭയുടെ കാതുകളും കണ്ണുകളും അപരനിലേക്കു എത്തിയിരുന്നു. ക്രിസ്തുവിനേ കണ്ടവർ കല്ലറയിൽ നിന്നില്ല, എമ്മാവൂസിലെ ശിഷ്യന്മാർ തിടുക്കത്തിൽ പുറപ്പെട്ടു. ( HOly mass shall not stop at ദി church door )ആദിമസഭയിൽ ഒന്നുചേരൽ പങ്കുവെക്കലിന്റെ ഒരു ദിവസമായിരുന്നു. സഭാ പിതാവായ അംബ്രോസ് പങ്കുവെക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബലിയർപ്പണവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്നതിൽ മടി കാണിച്ചില്ല. വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നു, കർത്താവിൻറെ ശരീരത്തെ ആദരിക്കണം എങ്കിൽ പാവപ്പെട്ടവന്റെ നഗ്നമേനിയെ ഉടുപ്പിക്കണം എന്ന് അദ്ദേഹം പ്രസംഗിച്ചു. ബലിയർപ്പണം അൾത്താരയിൽ നിന്ന് സഹോദരങ്ങളിലേക്ക് എത്തിച്ചേരുന്ന ഒന്നാണ്. അത് പൂർണ്ണമാകുന്നത് ഞായറാഴ്ച അർപ്പണത്തിലെ എല്ലാവരുടെയും പങ്കാളിത്തം വഴിയാണ്.
ഞായറാഴ്ച ബലിയർപ്പണത്തിന് ആഘോഷത്തിന് സ്വഭാവം ഉണ്ടായിരിക്കുകയും, എല്ലാവരും സജീവമായി പങ്കെടുക്കുകയും, ഞായറാഴ്ച കടം നിറവേറ്റുക എന്നതിലുപരി കർത്താവിന്റെ രക്ഷാകര പ്രവർത്തികൾ ഓർക്കുകയാണ് കർത്താവിന്റെ ദിനത്തിൽ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യമെന്നു പിതാവ് തന്റെ അപ്പസ്റ്റോലിക പ്രബോധനത്തിലൂടെ വിശ്വാസികളെ പഠിപ്പിക്കുന്നു. പങ്കെടുക്കാൻ സാധിക്കാത്തവർ അന്നത്തെ വായനകൾ വായിച്ചും ധ്യാനിച്ചും പങ്കുചേരണമെന്ന് പോലും പിതാവ് ആവശ്യപ്പെടുന്നു.
അവലംബം: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന്; ഡോ: സെബാസ്റ്റ്യൻ ചാലക്കൽ
ഡൈസ് ഡൊമിനി', 'ഓൺ കീപ്പിങ് ഗോഡ്'സ് ഡേ ഹോളി; വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ
സ്വന്തം ലേഖകൻ